വയനാട് ഡി.സി.സി ട്രഷററുടെയും മകന്റെയും ആത്മഹത്യ; ഐ.സി.ബാലകൃഷ്ണനും എന്‍.ഡി.അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസ്


ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത.

ആദ്യം ഡിസംബര്‍ 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതോടെയാണ് ആത്മഹത്യപ്രേരണ എന്ന പുതിയ വകുപ്പുകൂടി ചേര്‍ത്തത്. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കെകെ.ഗോപിനാഥന്‍, മുന്‍ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി.വി.ബാലചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ എന്‍.എം.വിജയന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും മൂത്ത മകന്‍ വിജേഷിനും വിജയന്‍ എഴുതിയ കത്തുകളാണ് പുറത്തുവന്നത്. സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്ന് കത്തുകളില്‍ പറഞ്ഞിരുന്നു.

ഈ ഇടപാടുകളില്‍ ഡി.സി.സി ട്രഷറര്‍ എന്ന നിലയില്‍ ഇടനിലക്കാരനായി നിന്നു. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി. പണം വാങ്ങിയപ്പോള്‍ പലര്‍ക്കും ചെക്ക് കൊടുക്കേണ്ടിവന്നു. ഐ.സി. ബാലകൃഷ്ണനും ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും വേണ്ടി ബാധ്യതകള്‍ ഏല്‍ക്കേണ്ടി വന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ ഇളയ മകന്‍ ജിജേഷിന് താല്‍ക്കാലിക ജോലിയുണ്ടായിരുന്നു. ഏഴു വര്‍ഷം ജോലി ചെയ്ത മകനെ അന്നത്തെ ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശത്തില്‍ പിരിച്ചുവിട്ടു. വേറെ ആളെ നിയമിക്കാനായിരുന്നു അത്. കോണ്‍ഗ്രസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തനിക്ക് അത് വലിയ ദുഃഖമുണ്ടാക്കി- വിജയന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളില്‍നിന്ന് പണം വാങ്ങിയെങ്കിലും നിയമനം നടത്താന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. എല്ലാം കെ.പി.സി.സി നേതൃത്വത്തിന് അറിയാം. അര്‍ബന്‍ ബാങ്കില്‍ 65 ലക്ഷം ബാധ്യതയുണ്ട്. അര്‍ബന്‍ ബാങ്കില്‍ നിന്ന് വായ്പടുത്ത് ബാധ്യത തീര്‍ത്തു. സ്ഥലംപോലും വില്‍ക്കാനാവാത്ത സ്ഥിതിയാണ്. മക്കള്‍പോലും അറിയാത്ത ബാധ്യതയുണ്ട്. 50 കൊല്ലം കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു.

‘ബാങ്കില്‍ ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി. ജോലി നല്‍കാന്‍ പറ്റാതായതോടെ രണ്ട് ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി തുക ബാധ്യതയായി. എന്‍.ഡി. അപ്പച്ചന്‍ വാങ്ങിയ 10 ലക്ഷത്തിന് പണയാധാരം നല്‍കേണ്ടിവന്നു. അത് കേസായി. സര്‍വിസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാന്‍ നിയമന വാഗ്ദാനം നല്‍കി 32 ലക്ഷം രൂപ പലരില്‍നിന്ന് വാങ്ങി. നിയമനങ്ങള്‍ റദ്ദാക്കിയതോടെയാണ് പണം തിരിച്ചു നല്‍കാന്‍ വായ്പയെടുത്തത്’ കത്തില്‍ പറയുന്നു.

ഡിസംബര്‍ 24നാണ് എന്‍.എം. വിജയനെയും ഇളയ മകന്‍ ജിജേഷിനെയും വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചു.

അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ടും പൊലീസ് രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയന്റെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന നിയമന അഴിമതി ആരോപണങ്ങളില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെന്‍മേനി പത്രോസ്, പുല്‍പള്ളി വി.കെ.സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Summary: Suicide of Wayanad DCC Treasurer and son; A case against IC Balakrishnan and ND Appachan for the crime of abetment of suicide