മാഹി ബൈപ്പാസിൽ ഡിവൈഡറിൽ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവർക്ക് പരിക്ക്, അപകടം സര്‍വ്വീസ് റോഡിലേക്ക് കയറുന്നതിനിടെ


വടകര: മാഹി ബൈപ്പാസിൽ മാഹി പാലത്തിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച്‌ കാറിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രദീപൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 13 P 7227 സാൻട്രോ കാർ ആണ് കത്തിയത്. ബൈപ്പാസില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് കയറുന്നതിനിടെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു

വാഹനം ഓടിച്ച കാറുടമയുടെ മകന്‍ പ്രായാഗിനെ (20) നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇയാള്‍ മാത്രമാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. തലശ്ശേരി ഭാഗത്ത് നിന്നും കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചോമ്പാല പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വടകര സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ദീപക് ആർ, ഫയർ& റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പി.കെ റിനീഷ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ മനോജ് കിഴക്കേക്കര, സാരംഗ്,മുനീർ അബ്ദുള്ള , ഹോം ഗാർഡ് സുരേഷ് കെ.ബി എന്നിവരും ലീഡിംഗ് ഫയർമാൻ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ മാഹി അഗ്നിശമന യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.