ഫറോക്ക് ബിഇഎം യുപി സ്‌ക്കൂള്‍ വരാന്തയില്‍ രക്തം പരന്ന നിലയില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തി
ഫറോക്ക്: റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ബിഇഎം യുപി സ്‌ക്കൂളില്‍ രക്തക്കറ കണ്ടെത്തി. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു ക്ലാസ് മുറി, വരാന്ത, ശുചിമുറി എന്നിവിടങ്ങളില്‍ രക്തക്കറ കണ്ടത്. വരാന്തയുടെ ഒരു ഭാഗത്ത് രക്തം പരന്നൊഴുകിയ നിലയിലായിരുന്നു.
സ്‌ക്കൂളിന് ചുറ്റും പലയിടങ്ങളിലായി രക്കതക്കറ കണ്ടതോടെ പ്രധാനാധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐമാരായ പി.ടി സൈഫുല്ല, ടി.പി ബാവ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം സയന്റിഫിക് ഓഫീസര്‍മാരായ പി.വി ശ്രീക്കുട്ടി, കെ.വി.നബീല എന്നിവരുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘം ലബോറട്ടറി പരിശോധനകള്‍ക്കായി രക്തക്കറയുടെ സാംപിള്‍ പരിശോധിച്ചു.
രക്തക്കറ മനുഷ്യരക്തം അല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നാണ് പോലീസ് പറഞ്ഞത്.