ബാറിനുള്ളില്‍ വച്ച് വാക്കുതര്‍ക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; താമരശ്ശേരിയില്‍ ബാര്‍ ജീവനക്കാരന് കുത്തേറ്റു


താമരശ്ശേരി: ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരന് കുത്തേറ്റു. ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂറ്റി ജീവനക്കാരനായ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലകുന്നുമ്മല്‍ ബിജു(45)വിനാണ് കുത്തേറ്റത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാവും ബിജുവും തമ്മില്‍ ബാറിനകത്ത് വച്ച് വാക്കേറ്റമുണ്ടായിരുന്നു. ശേഷം പുറത്തിറങ്ങിയ യുവാവ് ബാഗില്‍ നിന്ന് കത്തി എടുത്ത് ബിജുവിന്റെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

പിന്നാലെ ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിക്കേറ്റ ബിജു ഇന്ന് ഡ്യൂട്ടിയില്‍ ഇല്ലെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്. ഡ്യൂട്ടിയില്‍ ഇല്ലാത്തയാള്‍ ബാറിലെത്തിയത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല.