ചോറോട് അഞ്ജാതവാഹനമിടിച്ച് ഒമ്പത് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; വാഹനം കണ്ടെത്തി, കാർ ഓടിച്ചിരുന്നത് പുറമേരി സ്വദേശി
വടകര: ദേശീയപാതയിൽ ചോറോട് അഞ്ജാതവാഹനമിടിച്ച് ഒമ്പത് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. ഒമ്പത് മാസത്തിന് ശേഷം വാഹനം കണ്ടെത്തിയെന്ന് വടകര റൂറൽ എസ്പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുറമേരി സ്വദേശി ഷജീൽ ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്.
ഇൻഷുറൻസ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായി. ഇയാൾ ഇപ്പോൾ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഈ വർഷം ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്.
ബേബി സംഭവ സ്ഥലത്ത് മരിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ പോയി. സംഭവ സമയം കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഷജിൽ. പരിഭ്രാന്തരായത് കൊണ്ടാണ് അന്ന് വാഹനം നിർത്താതെ പോയതെന്ന് ഷജിലിന്റെ കുടുംബത്തെ ചോദ്യം ചെയ്തതിൽ നിന്ന് വ്യകതമായെന്നും പോലിസ് പറഞ്ഞു.