തലയടിച്ച് വീണതിനെ തുടര്‍ന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 21കാരി മരിച്ചു


കോഴിക്കോട്: തലയടിച്ചു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. വയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ കൊല്ലം കരുനാഗപ്പള്ളി വടക്കേടത്ത് അഭിരാമിയാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

കഴിഞ്ഞ 17നായിരുന്നു അപകടം. തുടര്‍ന്ന് വയനാട്ടിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു കുട്ടി.

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. അച്ഛന്‍: മണിക്കുട്ടന്‍. അമ്മ: ബിന്ദു. സഹോദരി: പരേതയായ ആതിര.