നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു


കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ്‌ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുന്നത്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയില്‍ ഇന്നലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ജൂലൈ 15-)ാം തീയതിയാണ് നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ 14 കാരന് ഇക്കഴിഞ്ഞ 15 ാം തിയതിയാണ് പനിയും ശ്വാസ തടസവും തുടങ്ങിയത്. ആദ്യം നാട്ടിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം മൂര്‍ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ നില കൂടുതല്‍ വഷളായി.

നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവ സാംപിള്‍ പുണെയിലേക്ക് പരിശോധനക്ക് അയച്ചത്. പിന്നാലെ, കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് നിപ പ്രോട്ടോക്കോള്‍ പ്രകാരമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.