കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി


കോഴിക്കോട്: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിനുശേഷമേ നിപ സ്ഥിരീകരിക്കൂ.

പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു. പൂനെ വൈറോളജി ലാബിലെ ഫലത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിലും നിപയെന്നുകണ്ട് സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ 14 കാരന് ഇക്കഴിഞ്ഞ 15 ാം തിയതിയാണ് പനിയും ശ്വാസ തടസവും തുടങ്ങിയത്. ആദ്യം നാട്ടിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം മൂര്‍ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ നില കൂടുതല്‍ വഷളായി.

നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവ സാംപിള്‍ പുണെയിലേക്ക് പരിശോധനക്ക് അയച്ചത്. പിന്നാലെ, കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് നിപ പ്രോട്ടോക്കോള്‍ പ്രകാരമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.

അതിനിടെ, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധോനയില്‍ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഫലം തെറ്റായി വന്നതാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.