മഴക്കെടുതി; കൊയിലാണ്ടിയില്‍ മൂന്ന് വാര്‍ഡുകളില്‍ നിന്നായി ഇരുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി


കൊയിലാണ്ടി: ശക്തമായ മഴയും കാറ്റും നാശംവിതച്ച കൊയിലാണ്ടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം ഗവ. യു.പി സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്.

നഗരസഭയിലെ 29,31, 32 വാര്‍ഡുകളലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. കോതമംഗലം കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പത്ത് കുടുംബങ്ങളോട് ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ലളിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇവിടെ സുനാമി റോഡിന് സമീപം പൗര്‍ണ്ണമിയില്‍ ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. രാവിലെയുണ്ടായ കാറ്റില്‍ തെങ്ങ് വീണതിന്റെ തുടര്‍ന്ന് ലീലയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചത്.

ഓടിട്ട വീടിന്റെ നടുഭാഗത്താണ് തെങ്ങ് വീണത്. തെങ്ങ് മുറിച്ചുമാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അപകട സമയത്ത് വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ല.

29, 31 വാര്‍ഡുകളില്‍ വരുന്ന തച്ചംവള്ളിത്താഴെ ഭാഗത്തുള്ള ആറ് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റുന്നത്. നിലവില്‍ 30 വീടുകളോളം ഉള്ള പ്രദേശത്ത് 15 വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നടേലക്കണ്ടി ഭാഗത്തെ സൂത്രംകണ്ടി, കാട്ടുവയല്‍ എന്നിവിടങ്ങളിലെ പന്ത്രണ്ടോളം വീടുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

ഇന്ന് നാലുമണി മുതലാണ് ക്യാമ്പ് ആരംഭിച്ചത്. അത്യാവശ്യ സാധനങ്ങളുമായി ക്യാമ്പുകളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.