കനത്ത മഴ തുടരുന്നു; കോഴിക്കോട് അടക്കം പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വേണം അതീവ ജാഗ്രത


കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലിടത്ത് മഞ്ഞ അലര്‍ട്ടുമാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് രാവിലെ 7.30ന് ദുരന്തനിവാരണ വിഭാഗം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.