‘സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശമാണെങ്കിലും തുടര്‍ച്ചയായി അതു നിഷേധിക്കപ്പെടുന്ന ചില പ്രദേശങ്ങള്‍ ഉണ്ട് അത്തരമൊരു സ്ഥലമാണ് എന്റെ ജന്മനാടായ പന്തലായനി’; മണിശങ്കര്‍ എഴുതുന്നു..


കൊയിലാണ്ടി: പന്തലായിനിയിലെ ജനങ്ങളുടെ യാത്രാദുരിതം അവസാനിക്കുന്നില്ല. സഞ്ചാര അവകാശം നിഷേധിക്കപ്പെട്ട പന്തലായനിക്കാര്‍ ഇതിനെതിരെ സമരം ആരംഭിച്ചിട്ട് കാലങ്ങളായി. പന്തലായനിയിലെ എഴുത്തുകാരനും പ്രസാധകനുമായ മണിശങ്കര്‍ എഴുതുന്നു..

സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശമാണെങ്കിലും തുടര്‍ച്ചയായി അതു നിഷേധിക്കപ്പെടുന്ന ചില പ്രദേശങ്ങള്‍ ഉണ്ട്. അത്തരമൊരു സ്ഥലമാണ് എന്റെ ജന്മനാടായ പന്തലായനി. നാട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകാനും തിരിച്ച് നാട്ടിലെത്താനും പന്തലായിനിക്കാര്‍ക്ക് ഒരു വഴിയില്ല എന്നതാണ് പച്ച പരമാര്‍ത്ഥം.

എന്നാല്‍ എല്ലാവരും വീട്ടില്‍ മൂടിപ്പുതച്ചുറക്കമാണോ എന്ന സന്ദേഹം വേണ്ട. പോവുന്നുണ്ട്… അത് റയില്‍വേ ട്രാക്കിലൂടെയും പ്ലാറ്റ് ഫോമിലൂടെയും മറ്റുമാണെന്ന് മാത്രം. മാര്‍ക്കറ്റില്‍ നിന്നും പച്ചമീനും വാങ്ങി പാട്ടുംപാടി പ്ലാറ്റ്‌ഫോമിലൂടെ വരുന്ന എത്രയോ നിഷ്‌കളങ്കരായ ആളുകള്‍ എന്റെ നാട്ടിലുണ്ട്. ആര്‍.പി.എഫിന്റെ കണ്ണില്‍ പെട്ടാല്‍ കുടുങ്ങിയത് തന്നെ. കോഴിക്കോട് റയില്‍വേ കോടതിയില്‍ പോയി വിചാരണ നേരിട്ട് 300 രൂപ പിഴയടക്കണം. മീന്‍ വാങ്ങാനും അരി വാങ്ങാനും ഗുളിക വാങ്ങാനും പോയതിന്റെ പേരില്‍ ഒരു ദിവസത്തെ കൂലിയുടെ മുന്നിലൊന്ന് പിഴയും വിചാരണയ്ക്ക് ഹാജരായതിന്റെ പേരില്‍ ഒരു ദിവസത്തെ പണിയും നഷ്ടപ്പെടുത്തിയ നിരവധി സാധാരണക്കാര്‍ വസിക്കുന്ന നാട് കൂടിയാണ് എന്റെ പന്തലായിനി.

മറ്റൊരു മാര്‍ഗവുമില്ലാത്തതിന്റെ പേരില്‍ അവര്‍ പിറ്റേന്നും നിയമവിരുദ്ധ വഴിയിലൂടെ തന്നെ സഞ്ചരിക്കുന്നുവെന്ന് മാത്രം.
ഈ വഴി പ്രശ്‌നം കാരണം അകാലത്തില്‍ ഭൂമി വിട്ടുപോയവരും നിരവധിയാണ്.. അവരുടെ അമ്മമാരുടെ ..മക്കളുടെ… ബന്ധുക്കളുടെ… കണ്ണീരുകള്‍ പെയ്ത് തീരാതെ അസ്വസ്ഥമായിരുന്നു എന്നും പന്തലായിനി. ഈ പ്രശ്‌നത്തിന് പരിഹാരമില്ലേ എന്ന് ചോദിച്ചാല്‍ ഉത്തരം ‘ഉണ്ട്’ എന്ന് തന്നെയാണ്. കണേണ്ടവര്‍ കണ്ണ് തുറന്ന് നോക്കിയാല്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂ.

ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്നതിന് നിലവില്‍ ഒരു മേല്‍പ്പാലമുണ്ട്. അത് പന്തലായിനി റോഡിലേക്കും അപ്പുറത്ത് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന്റെ മുകളിലൂടെ പുറത്തേക്കും നീട്ടണം. സങ്കേതികമായി വലിയ പ്രതിസന്ധിയുണ്ടാവില്ല. ഭാരിച്ച ഒരു ഫണ്ടും വേണ്ടി വരില്ല. അതൊന്നുമല്ല പ്രശ്‌നം ആരുടെയൊക്കെയോ ചിലരുടെ കടുംപിടുത്തം. അത് മാറണം… അതൊരു വലിയ പ്രശ്‌നം തന്നെയാണ്.

സൈ്വര സഞ്ചാരത്തിന് റയില്‍വേ വിലങ്ങുതടിയായി നില്‍ക്കുമ്പോഴാണ് നാടിനെ രണ്ടായി പിളര്‍ന്ന് കൊണ്ട് ദേശീയ പാത ബൈപ്പാസ് പന്തലായിനിയിലൂടെ കടന്നുപോകുന്നത്. ബൈപ്പാസ് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ നാട്ടുകാര്‍ ഒരു സത്യം തിരിച്ചറിയുന്നു. അടുത്ത പാര ഇതായിരിക്കും. പന്തലായനിയില്‍ ഏഴര മീറ്റര്‍ ഉയരത്തിലൂടെ ബൈപ്പാസ് കടന്നു പോകുമ്പോള്‍ സഞ്ചാര സ്വാതന്ത്ര്യം ഒരു ഹിമാലയന്‍ സ്വപ്നം മാത്രമാകുമോ എന്ന ആശങ്ക എന്തായാലും ജനങ്ങളെ അടിമുടി പിടികൂടിയിട്ടുണ്ട്. നാട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകാനും വരാനും വഴി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗതാഗത സംരക്ഷണ സമിതി രൂപവത്കരിച്ചു കഴിഞ്ഞു.. ശക്തമായ സമരപരിപാടികളുമായി സമിതി മുന്നോട്ട് പോകുകയാണ്. അപ്പോഴും റെയില്‍ മുറിച്ചുകടക്കാന്‍ എന്തു ചെയ്യും എന്ന ചോദ്യം ബാക്കിയാവുന്നു.