കൊയിലാണ്ടിയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഇന്നും നാളെയുമായി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്താണ് ഞാറ്റുവേലച്ചന്ത ഒരുക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധ ഇനം നടീല്‍ വസ്തുക്കള്‍ പച്ചക്കറി വിത്തുകള്‍ തൈകള്‍ വളങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമാണ്.
ഇതോടനുബന്ധിച്ചു ടൗണ്‍ ഹാളില്‍ കര്‍ഷകസഭയും നടന്നു. ഊരള്ളൂര്‍ അഗ്രോസെര്‍വീസ് സെന്ററും കൃഷിഭവനും ചേര്‍ന്ന് നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ .കെ സത്യന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ. ഇന്ദിര ടീച്ചര്‍, നിജില പറവക്കൊടി വാര്‍ഡ് കൗണ്‍സിലര്‍മാരായ ലളിത ,വത്സരാജ്, കൃഷിഓഫീസര്‍ പി. വിദ്യ, കാര്‍ഷിക വികസന സമിതി അംഗം ഭരതന്, കൃഷി അസ്സിസ്റ്റന്റുമാരായ രജീഷ് കുമാര്‍, അപര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു.