പഠനം ഇനി സ്മാര്‍ട്ട് ക്ലാസ് റൂമില്‍; കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളിലെ എം.നാണു മാസ്റ്റര്‍ സ്മാരക കെട്ടിടം നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച എം നാണു മാസ്റ്റര്‍ സ്മാരക കെട്ടിടം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് ക്ലാസ് മുറികളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവില്‍ സ്‌കൂള്‍ മാനേജരാണ് ഇത് നിര്‍മിച്ചത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നാണു മാസ്റ്ററെ അനുസ്മരിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ചാത്തപ്പന്‍ മാസ്റ്റര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കലും മൂന്നു ദശാബ്ദക്കാലത്തിലേറെയായി അധ്യാപന രംഗത്തുള്ള പി.ജയശ്രീ ടീച്ചര്‍ക്കുളള യാത്രയയപ്പും നടത്തി.

ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു, ജ്യോതി നളിനം, മനോജ്, കെ.പി ഹസിഫ്, മോഹന്‍ കുമാര്‍ , എം.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം സുലൈഖ സ്വാഗതവും ഡി.കെ.ബിജു നന്ദിയും പറഞ്ഞു.