ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം, നിൽക്കാം; സഞ്ചാരികൾക്കായി ബേപ്പൂർ മെറീന ബീച്ചിൽ ഫ്ളോട്ടിങ് പാലം ഒരുങ്ങി (വീഡിയോ കാണാം)
കോഴിക്കോട്: ബേപ്പൂര്‍ കടലില്‍ ഉല്ലാസത്തിരകൾ ആറാടുകയാണ്. തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം, നിൽക്കാം….മുങ്ങിപോകുമെന്ന പേടിയെ വേണ്ട. സഞ്ചാരികൾക്കായി ബേപ്പൂരിൽ ഫ്ളോട്ടിങ് പാലം സമർപ്പിച്ചു. നിരവധി യാത്രക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ എത്തിയത്. വ്യത്യസ്തമായ അനുഭവമാണ് ഫ്ളോട്ടിങ് പാലം നൽകുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദർശക സമയം.
100 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാലം ഉയര്‍ന്ന സാന്ദ്രതയുള്ള പോളിയെത്തിലീന്‍ ബ്ലോക്കുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരേസമയം 500 പേര്‍ക്ക് ഈ പാലത്തിലൂടെ യാത്രചെയ്യാനാകും. നിലവില്‍ ലൈഫ് ജാക്കറ്റ് ധരിച്ച 50 പേര്‍ക്ക് മാത്രമേ ഈ പാലത്തിലൂടെ സഞ്ചാരത്തിന് അനുമതി നല്കിയിട്ടുള്ളു. പാലത്തിന്റെ അറ്റത്തായി കടലിലേക്ക് നീണ്ടുകിടക്കുന്ന 15 മീറ്റര്‍ വീതിയുള്ള പ്ലാറ്റ്ഫോമും സ്ഥാപിച്ചിട്ടുണ്ട്.
സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം പ്രൊമോഷൻ കൗൺസിലും, ബേപ്പൂർ പോർട്ട് അതോറിട്ടിയുടെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സിന്റെ നേതൃത്വത്തിലാണ് പാലം സമർപ്പിച്ചത്.
പെട്ടെന്നു ഘടിപ്പിക്കുകയും ഇളക്കുകയും ചെയ്യാമെന്നതിനാല്‍ ആവശ്യത്തിന് അനുസരിച്ചു ഇവ മറ്റിടങ്ങളിലേക്ക് നീക്കാനാകും. 7 കിലോ തൂക്കം വരുന്ന 1300 എച്ച്ഡിപിഇ ബ്ലോക്കുകള്‍ പാലത്തിനു ഉപയോഗിച്ചു. വെള്ളത്തില്‍ താഴാത്ത ബ്ലോക്കുകളില്‍ 2 മീറ്റര്‍ ഇടവിട്ടു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്. വശങ്ങളില് കൈവരിയുള്ളതിനാല്‍ വീഴാതെ പിടിച്ചു നില്ക്കാന് സഹായകമാകുമെന്നു പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഷമീര്‍ സുബൈര്‍ പറഞ്ഞു.
ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തനമാരംഭിക്കേണ്ട ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് കോഴിക്കോട് ബേപ്പൂരിലേക്ക് വഴിമാറിയെത്തിയത്.