കാലാവസ്ഥ പ്രതികൂലമായാലും പേടിക്കേണ്ട, കരിപ്പൂരില്‍ സുരക്ഷിതമായി വിമാനം ഇറക്കാം; ഐ.എല്‍.എസ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി


കോഴിക്കോട്: പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിന്റെ പേരില്‍ മറ്റെവിടെയെങ്കിലും ഇറങ്ങി വീടുപിടിക്കേണ്ട സ്ഥിതി ഇനി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തോതില്‍ ഉണ്ടാവില്ല. കാലാവസ്ഥ ചെറിയതോതില്‍ ഇടഞ്ഞുനിന്നാലും വിമാനം ഇറക്കാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം അഥവാ ഐ.എല്‍.എസ് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി ഒരുമാസത്തിലേറെയായി താത്കാലികമായി നിര്‍ത്തിവെച്ചതായിരുന്നു.

പ്രതികൂല കാലാവസ്ഥയില്‍, വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സുരക്ഷിതമായി ഇറക്കുന്നതിനാണ് ഐ.എല്‍.എസ്. സ്ഥാപിക്കുന്നത്. മഞ്ഞ്, മഴ തുടങ്ങിയവയുണ്ടായാല്‍ പൈലറ്റിന് റണ്‍വേ ഉയരത്തില്‍നിന്നു കാണാനാകില്ല. കരിപ്പൂരില്‍ ഐ.എല്‍.എസിന്റെ സഹായത്തോടെ 1200 മീറ്റര്‍ ഉയരത്തില്‍ റണ്‍വേ കണ്ടാല്‍ ഇറങ്ങാനാകും. ഐ.എല്‍.എസ്. ഇല്ലെങ്കില്‍ 2500 മീറ്റര്‍ ഉയരത്തില്‍നിന്ന് റണ്‍വേ കാണണം.

ഡല്‍ഹിയില്‍നിന്നെത്തിയ ബീച്ച് ക്രാഫ്റ്റ് കാലിബറേഷന്‍ വിമാനം നടത്തിയ പരിശോധന വിജയകരമായതോടെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഐ.എല്‍.എസ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തുള്ള ഐ.എല്‍.എസ്. ആണ് ഓഫ് ആക്കിയിരുന്നത്.

ഐ.എല്‍.എസിന്റെ ഭാഗമായ ഗ്ലൈഡ് പാത്തിനു മുന്‍പില്‍ 75,000 ചതുരശ്രയടി വിസ്തൃതിയില്‍ നിലം കോണ്‍ക്രീറ്റുചെയ്ത് പൂട്ടുകട്ട സ്ഥാപിച്ചിട്ടുണ്ട്. ഗ്ലൈഡ് പാത്തിനു മുന്‍പില്‍ പുല്ലുകള്‍ വളര്‍ന്നതിനാലും നിലം ചെരിഞ്ഞുകിടന്നതിനാലും ഐ.എല്‍.എസില്‍നിന്നുള്ള വിവരങ്ങളില്‍ നേരിയ വ്യതിയാനമുണ്ടായിരുന്നു. പുല്ല് വളരാതിരിക്കാനും നിലം നിരപ്പായിരിക്കാനുമാണ് പൂട്ടുകട്ട വിരിച്ചത്.

ഗ്ലൈഡ് പാത്തില്‍ പ്രധാനപ്പെട്ട അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും പുതിയ ഡി.എം.ഇ. യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. വിമാനത്താവള അതോറിറ്റിയുടെ ഡല്‍ഹിയിലെ റേഡിയോ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് യൂണിറ്റാണ് ഡി.എം.ഇ. സ്ഥാപിച്ചത്.

രണ്ടു വര്‍ഷംവരെയാണ് നിലവിലെ ഐ.എല്‍.എസിന് പ്രവര്‍ത്തനാനുമതി. ഡല്‍ഹിയില്‍നിന്ന് ഫ്‌ലൈറ്റ് ഇന്‍സ്പെക്ഷന്‍ യൂണിറ്റിലെ കാലിബറേഷന്‍ വിമാനം എത്തി വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഐ.എല്‍.എസ്. ഓണ്‍ചെയ്തത്.