പുതുവത്സരാഘോഷത്തിനിടയിൽ പോലീസിൻ്റെ ക്രൂരമർദ്ദനം; നീതി നേടി പയ്യോളി സ്വദേശി ജാസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു
പയ്യോളി: പുതുവത്സരാഘോഷത്തിനിടയിൽ പയ്യോളി സ്വദേശിയായ യുവാവിന് പോലീസിൻ്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് നേരിൽ പരാതി നൽകി. 2023 ഡിസംബർ 31 ന് രാത്രിയോടെയാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മന്നൂർ മേപ്പാടിയിൽ നടത്തിയ പുതുവത്സരാഘോഷ പരിപാടിക്കിടെ പയ്യോളി കൊളാരിത്താഴ റഹീമിൻ്റെ മകൻ മുഹമ്മദ് ജാസിഫിന് (26) പോലീസിൻ്റെ ക്രൂരമർദ്ദനമേറ്റത്.
പോലീസുകാർ വളഞ്ഞിട്ട് ആദ്യം ലാത്തികൊണ്ട് തലക്കും പിന്നീട് ബൂട്ടുകൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരീരമാസകലം ഗുരുതര പരിക്കേറ്റ ജാസിഫ് ദിവസങ്ങളോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സംഭവം നടന്ന് ആറു മാസമായിട്ടും ഇതുവരെ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. മാത്രമല്ല ജോലിക്ക് പോലും പോവാൻ കഴിയാതെ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ജാസിഫിൻ്റെ കുടുംബം ഏറെ ദുരിതം പേറുകയാണ്.
സംഭവത്തിൽ നിരവധി പരാതികൾ നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതെന്ന് ജാസിഫിൻ്റെ വാപ്പ അബ്ദുൾ റഹീം കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മകന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. കാനത്തിൽ ജമീല എം.എൽ.എ യുടെ സാന്നിധ്യത്തിലാണ് ജാസിഫിൻ്റെ വാപ്പ അബ്ദുൾ റഹീമും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രി പിണറായി വിജയന് നേരിൽ പരാതി നൽകിയത്.
സംഭവം മുമ്പ് എസ്.പി.റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വോഷിക്കണമെന്ന പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള ഉത്തരവ് കാറ്റിൽ പറത്തി സംശയമുനയിൽ നിൽക്കുന്ന മേപ്പാടി പോലീസ് തന്നെയാണ് അന്വേഷണ റിപ്പോർട്ട് കണ്ണൂർ റേഞ്ച് ഐ.ജിക്ക് കൈമാറിയത്. മാത്രമല്ല ജാസിഫിനെ മർദ്ദിച്ചപോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ജാസിഫ് സ്വയം വീണ് പരിക്കേറ്റാതാണെന്നും മറ്റൊരാളുമായി അടിപിടിയിൽ ഏർപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ എഴുതിചേർക്കുകയും ചെയ്തു.
പരാതിക്കാരിയായ ജാസിഫിൻ്റെ ഉമ്മയുടെ മൊഴിയെടുക്കണമെന്നും, അന്വോഷണ റിപ്പോർട്ട് മെയിൽ വഴി അയക്കണമെന്നും മറ്റുമുള്ള പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിബന്ധനകൾ പാലിക്കാതെ ഗുരുതര വീഴ്ചയാണ് മേപ്പാടി പോലീസ് സ്വീകരിച്ചത്.
പോലീസ് മർദ്ദനത്തെ തുടർന്ന് അവശനിലയിലായ മകന്റെ ആരോഗ്യ ഇതുവരെ പൂർണ്ണ സ്ഥിതിയിലായിട്ടില്ലെന്ന് റഹീം പറയുന്നു. മാസങ്ങളോളമായി ചികിത്സ തുടരുകയാണ്. ഇനി ഒരു സർജറി കൂടെ ആവശ്യമുണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. മകനെ ഇത്തരത്തിലാക്കിയ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷ ആവശ്യമാണെന്നും റഹീം പറഞ്ഞു.