കണയങ്കോട് പാലത്തില്‍ നിന്നും മധ്യവയസ്‌ക പുഴയിലേക്ക് ചാടി.; രക്ഷപ്പെടുത്തിയത് തോണിക്കാരന്റെയും ലോറി യാത്രക്കാരുടെയും സമയോചിതമായ ഇടപെടലില്‍


കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും മധ്യവയസ്‌ക പുഴയിലേക്ക് ചാടി. ഇന്ന് വൈകീട്ട് 3.30 തോടെയാണ് സംഭവം. ഏകദേശം നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് പുഴയിലേക്ക് ചാടിയത്.

ലോറി യാത്രക്കാരും സ്‌കൂട്ടര്‍ യാത്രികനായ അമലും തോണിക്കാരനായ കുഞ്ഞിമൊയ്തീനും സമയോചിതമായി ഇടപെട്ട് സ്ത്രീയുടെ ജീവന്‍ രക്ഷപ്പെടുത്തി. സ്ത്രീ ചാടുന്നത് കണ്ട പാലത്തിലൂടെ പോവുകയായിരുന്ന ലോറിയിലുള്ളവര്‍ വണ്ടി നിര്‍ത്തുകയും ഉടനെ പിന്നാലെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ പുറക്കാട് സ്വദേശിയായ അമല്‍ ലോറിയിലുള്ളവര്‍ നല്‍കിയ കയര്‍ കെട്ടി ഇറങ്ങുകയായിരുന്നു.

താന്‍ ഇറങ്ങി നോക്കിയപ്പോള്‍ പാലത്തിന് അടിയിലെ ബെല്‍റ്റിന് സമീപത്തായി പിടിച്ചു നില്‍ക്കുകയായിരുന്നെന്ന് യുവാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഉടനെ തന്നെ സ്ത്രീയെ പിടിച്ച് ബെല്‍റ്റിന് സമീപത്തേയ്ക്ക് പിടിച്ച് കയറ്റുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. അപ്പോഴേക്കും മുകളില്‍ നിന്നും മറ്റൊരാള്‍ വന്നുവെന്നും ഉടനെ തോണിയിലേക്ക് കയറ്റി കരയ്ക്ക് എത്തിച്ചുവെന്ന് അമല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കരയ്‌ക്കെത്തിച്ച ശേഷം സ്ത്രീ സംസാരിച്ചിരുന്നെന്നും ആംബുലന്‍സ് വിളിച്ചിരുന്നുവെങ്കിലും എത്താതെ വന്നപ്പോള്‍ സമീപത്ത് ഉണ്ടായിരുന്ന ഒരാളുടെ കാറില്‍ സ്ത്രീയെ പ്രാഥമിക ചികിത്സയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെന്നും അമല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.