കോടതിയോടുള്ള വെല്ലുവിളി, സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടും’: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ കെ.കെ രമ
വടകര: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങയേറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.കെ രമ. ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് രമ പറഞ്ഞു.
പ്രതികളുടെ പേര് ശിക്ഷായിളവ് നല്‍കുന്നവരുടെ ലിസ്റ്റില്‍ പോലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ശക്തമായ കോടതി വിധി ഉണ്ടായിട്ടുപോലും ഇതാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ വിഷയത്തില്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും, അടുത്ത ദിവസം തന്നെ ഗവര്‍ണറെ സമീപിക്കുമെന്നും രമ പറഞ്ഞു
കൊലചെയ്ത അന്ന് മുതല്‍ പ്രതികള്‍ക്കുള്ള സിപിഐഎം ബന്ധത്തെക്കുറിച്ച് നിരന്തരം പറയുന്നുണ്ട്. പല സമയങ്ങളിലായി വഴി വിട്ട സഹായങ്ങളാണ് പ്രതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. ടിപി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാണ് ജയില്‍. ജയില്‍സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തില്ല. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തില്ലെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സംബന്ധിച്ച് പോലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തിലാണ് ടി പി വധക്കേസിലെ നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. ജൂണ്‍ 13ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കയച്ച കത്തിലാണ് ടി പി കേസിലെ മൂന്ന് പ്രതികളുടെ പേര് ഉള്‍പ്പെട്ടത്.