കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ ധർണ്ണ; മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം


കൊയിലാണ്ടി: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ ധർണ്ണ. എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ബഹുജന ധർണ സംഘടിപ്പിച്ചത്. മേപ്പയ്യൂർ ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

വെെസ് പ്രസിഡന്റ് എൻ. പി ശോഭ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി പ്രസന്ന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ലോഹ്യ, എം കെ രാമചന്ദ്രൻ, ഇ കുഞ്ഞിക്കണ്ണൻ, പി പി രാധാകൃഷ്ണൻ, കെ രാജീവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തം​ഗം സുനിൽ സ്വാ​ഗതവും സ്ഥിരം സമിതി അധ്യക്ഷൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.

മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്താനാണ് എൽഡിഎഫിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായാണ് ഇന്ന് ബഹുജന ധർണ്ണ സംഘടിപ്പിച്ചത്.

നവീകരണ പ്രവർത്തനങ്ങൾക്കായി 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി നേരത്തെ മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന് ലഭിച്ചിരുന്നു. അടിയന്തിര അറ്റകുറ്റപണികൾക്കായി 2.4 കോടി രൂപയുടെ പ്രവൃത്തിക്കും ടെൻഡർ ആയിരുന്നു. എന്നാൽ റോഡ് പൊട്ടിപ്പൊളിഞ്ഞതും വെള്ളക്കെട്ടും റോഡിലെ കുഴികളും കാരണം റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ഇതിന് ശാശ്വതമായ പരിഹാരം എത്രയും വേ​ഗം വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്