സഖാവ് ഫാസില്‍.. ബാപ്പയ്ക്കും കമ്മ്യൂണിസമെന്ന പ്രസ്ഥാനത്തിനും സമര്‍പ്പിച്ച അഞ്ചുപതിറ്റാണ്ടുനീണ്ട അതിജീവനം – റിഹാന്‍ റാഷിദ് എഴുതുന്നു


ജീവിതത്തില്‍ ഞാന്‍ നേരിട്ട് കണ്ടുകൊണ്ടിരുന്ന അത്ഭുതത്തെ മറ്റൊരു പേരിട്ടും വിളിക്കാനാവില്ല, അത്രത്തോളം ജീവിതവുമായ് വിപ്ലവം നടത്തിയ മനുഷ്യനാണ്, അരനൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ തീച്ചൂളകളിലൂടെ സഞ്ചരിച്ച്
കൊണ്ടിരിക്കുന്ന സഖാവ് ഫാസില്‍.

നിസാരമായതെന്ന് നമുക്കനുഭവപ്പെടുന്നത് അദ്ദേഹത്തിനെ സംബന്ധിച്ച് കഠിനമായതാണ്. ലോകത്ത് ജനിക്കുന്നവരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് അപൂര്‍വ്വമായ് മാത്രം സംഭവിക്കുന്ന രോഗാവസ്ഥയിലൂടെയാണ് അദ്ദേഹം ഇക്കാലമത്രയും കടന്നുപോയത്. മസിലുകളുടെ പ്രവര്‍ത്തനം മരുന്നിനാല്‍ മാത്രം സാധ്യമാവുന്നൊരാള്‍ മൈസ്റ്റീനിയാ ഗ്രാവിസ് എന്ന അപൂര്‍വ്വ രോഗത്തിന്റെ കാരമുള്ളുകളുടെ ഇടയില്‍ നിന്നും അതിജീവനത്തിന്റെ ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത മനുഷ്യന്‍.

ഒരു ബസ്റ്റാന്റിലൊ മറ്റെവിടെയെങ്കിലോ മരുന്നിന്റെ ഡോസ്‌കഴിഞ്ഞ് തളര്‍ന്നിരിക്കെ തൊട്ടരികെയുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് നടന്ന് ചെല്ലാനോ മറ്റാരോടെങ്കിലും സഹായമഭ്യര്‍ത്ഥിക്കാനോ പറ്റാത്ത ഭീതിപ്പെടുത്തുന്ന അവസ്ഥയെ ഒന്നാലോചിച്ച് നോക്കു ..? സഖാവിന്റെ രോഗത്തെ കുറിച്ച് ഇതിലും ചെറുതായ് ഉദാഹരണം നല്‍കാനില്ല.

”വെറും മുപ്പത് വയസ് വരെ ജീവിക്കുമെന്ന് പലരും വിധിയെഴുതിയ ഞാനിന്നും ജീവിച്ചിരിക്കുന്നത് തന്നെയാണ് എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഭാഗ്യമായത്” എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്ത് ”പ്രീഡ്രിഗ്രി ബോര്‍ഡ്’ നെ എതിരെ കേരളത്തില്‍ എസ് എഫ് ഐ നടത്തിയ സമരത്തിലൂടെയാണ് സഖാവ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. യൗവ്വനത്തിന്റെ തീക്ഷണതയില്‍ ശാരീരിക അവസ്ഥകളെ വെല്ലുവിളിച്ച് കൊണ്ട് പതിനേഴാം വയസില്‍ അയല്‍വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന യുകെ ചന്ദ്രേട്ടനൊപ്പമാണ് സമരത്തില്‍ പങ്കെടുത്തത്.

ചിന്തയും വായിച്ചും, പാര്‍ട്ടിയുടെ അന്നത്തെ നേതാക്കളായിരുന്ന എന്‍.വി ബാലകൃഷ്ണന്‍, പികെ കണാരേട്ടന്‍, മുരളിമാസ്റ്റര്‍, ജീവാന്ദന്‍മാസ്റ്റര്‍ തൂടങ്ങിയ സഖാക്കളിലൂടെ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളും ആശയങ്ങളും മനസിലാക്കി. ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിരുന്ന എന്‍.വി രാമകൃഷ്‌ണേട്ടന്‍
ജോഷ്ഠ സഹോദരന് തുല്യനായിരുന്നു. മറ്റൊരാള്‍ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറി ആയിരുന്ന കുഞ്ഞിരാമേട്ടനും. പലദിവസങ്ങളിലും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി പാര്‍ട്ടി ഓഫിസിലെത്തിയാല്‍
രാത്രിയിലായിരുന്നു മടക്കം. ഭക്ഷണവും ഗുളികയുമെല്ലാം പാര്‍ട്ടി ഓഫീസില്‍ നിന്ന് തന്നെ, എന്‍വിയെന്ന ഗുരുതുല്യനായ സഖാവായിരുന്നു ജോലിയൊന്നുമില്ലാതിരുന്ന ഗുളിക വാങ്ങാന്‍ സഹായങ്ങള്‍ ചെയ്യാറുണ്ടായിരുന്നത് സഖാവ് പറഞ്ഞിട്ടുണ്ട്. എന്‍.വിയുമായുള്ള ബന്ധത്തിലൂടെയാണ് മാര്‍ക്‌സിനേയും ഏഞ്ചല്‍സിനേയും, ലെനിനേയും വായിച്ച് തുടങ്ങിയതെന്നും.

ചക്രവര്‍ത്തി കോര്‍ണറില്‍ നടന്ന പാര്‍ട്ടിയുടെ പൊതുയോഗം പോലീസ് കയ്യേറിയതും, കൂത്തുപറമ്പ് വെടിവെപ്പില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ നടന്ന മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ എന്‍വിക്കും, കുഞ്ഞാപ്പു ഏട്ടനും, സത്യന്‍ വക്കീലിനും, ചന്ദന്‍മാഷിനും, പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ച കഥകള്‍ അദ്ദേഹത്തിന്റെ സമരമുഖത്തെ ഓര്‍മ്മകളില്‍ ചിലതുമാത്രം.

അന്ധവിശ്വാസങ്ങളേയും, കടുത്ത മതാധിപത്യങ്ങളേയും അന്നും ഇന്നും ശക്തമായ് എതിര്‍ത്ത സഖാവിന് പലരും
നിരീശ്വരവാദിയെന്ന പേര് ചാര്‍ത്തി നല്‍കി. കുടുംബത്തിലും, സൗഹൃദങ്ങളിലും മുസ്ലീം ഭൂരിപക്ഷപ്രദേശമായ താമസ സ്ഥലത്തും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ”ദൈവത്തിനോട് ചേരാന്‍ ഒരു മതത്തിന്റേയും
ബാഹ്യചിഹ്നങ്ങളുടേയും, നിയന്ത്രണങ്ങളുടേയും ആവശ്യകതയില്ല. പകരം ഓരോരുത്തരുടേയും
മനസിനെ ശുദ്ധീകരിക്കുകയും നല്ല പ്രവൃത്തികളിലൂടെ ദൈവത്തിന്റെ പ്രീതിയെ സമ്പാദിക്കുകയും ചെയ്യുകയെന്നതാണ്” എന്നാണ് നിരീശ്വരവാദിയെന്ന വിളിപ്പേരിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പറയാറുള്ളത്.

തന്റെ ബ്രാഞ്ചിലുള്ള സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. ഗവണ്‍മെന്റിന്റെ കാരുണ്യ പദ്ധതികളും പെന്‍ഷന്‍ പദ്ധതികളും, ചികിത്സാ സഹായങ്ങളും കടലോര മേഖലയിലെ
അത്യാവശ്യക്കാരിലേക്ക് എത്തിക്കുന്നതില്‍ സഖാവിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. പലപ്പോഴും കടുത്ത ശാരീരിക അവസ്ഥയില്‍ നിന്നായിരുന്നു സഖാവിന്റെ പ്രവര്‍ത്തനങ്ങള്‍. നടക്കാന്‍ പോലും കടുത്ത പ്രയാസമനുഭവിച്ച് കൊണ്ടാവും സഖാവിന്റെ ഇത്തരം പ്രവൃത്തികള്‍, എന്നിരുന്നാലും തന്നിലേക്ക് സഹായ ആവശ്യവുമായി വന്നെത്തുന്ന ആരേയും സഖാവ് മടുപ്പിക്കാറില്ല. മാത്രവുമല്ല സഹായങ്ങളുടെ പേരില്‍ മറ്റൊരിടത്തും തന്റെ പേര് ഉപയോഗിക്കേണ്ട എന്ന കടുത്ത നിലപാടും സഖാവിനുണ്ടായിരുന്നു.

സഖാവിനെ കുറിച്ചെഴുതാന്‍ തുടങ്ങിയപ്പോള്‍ പലരേയും ഞാന്‍ ചെന്ന് കണ്ടിരുന്നു. പേരുകള്‍ കൊണ്ട് സമൂഹത്തില്‍ അടയാളങ്ങളൊന്നുമില്ലാത്ത തനി സാധാരണക്കാരായ വയോജനങ്ങളാണ് അധികവുമതില്‍. എല്ലാവര്‍ക്കും തങ്ങളിലൊരുവന്‍ തന്നെയാണ് സഖാവ്. ജീവിതം വഴിമുട്ടിയ അവരില്‍ പലരുടേയും ജീവിതത്തിന് പുതുവെളിച്ചമേകിയത് സഖാവായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ് സഖാവിന് ലഭിക്കുന്ന സ്വീകാര്യതയുടെ കാരണത്തിന് മറ്റെങ്ങും അന്വേഷിക്കേണ്ടതില്ലായിരുന്നു.

”ഇലകള്‍ കൊഴിഞ്ഞ് ശാഖകളില്ലാത്തൊരു
ഒറ്റത്തടിയുണ്ട് വീട്ടില്‍, പ്രത്യക്ഷത്തില്‍
സ്‌നേഹത്തിന്റെ പച്ചപ്പില്ലെന്നാലും
വേരുകളാലെന്നെ താങ്ങി നിര്‍ത്തുന്ന ബാപ്പയ്ക്ക്, പിന്നെ എന്റെ പേരിനെ അടയാളപ്പെടുത്തിയ കമ്യുണിസമെന്ന പ്രസ്ഥാനത്തിനും മാത്രം.” സ്വന്തം ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ കൊണ്ടുതന്നെ അവസാനിപ്പിക്കട്ടെ, ഈ അനുസ്മരണക്കുറിപ്പ്.

മരണത്തിന്റെ നിത്യശാന്തയിലേക്ക് പോയ ഫാസില്‍ക്കയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ സ്‌നേഹാഞ്ജലികള്‍ അര്‍പ്പിക്കുന്നു.