‘ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നു’; വടകര സ്വദേശിക്കെതിരെ പരാതിയുമായി എഴുത്തുകാരി
വടകര: വടകര സ്വദേശിയായ യുവാവ് തന്റെ തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി യുവതി. എഴുത്തുകാരിയും പുസ്തക പ്രസാധകയുമായ യുവതിയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. വടകര സ്വദേശിയായ നവാസ് പി. കൂമുള്ളിക്കെതിരെയാണ് യുവതിയുടെ പരാതി.
നവാസ് സമൂഹ മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയെന്നും വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ലൈവ് നടത്തുകയും പലര്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. വ്യാജ പ്രൊഫൈലുകളില്‍ വ്യക്തിപരമായി ഒരു പരിചയവും ഇല്ലാത്ത പുരുഷന്‍മാരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് അവര്‍ക്ക് താന്‍ അശ്ലീല സന്ദേശം അയച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നുവെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്.
ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. തന്നെ അപമാനിക്കാനും ചൂഷണം ചെയ്യാനുമാണ് വ്യാജ സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതെന്നും പരാതിയിലുണ്ട്. നവാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട്.