സൗഹൃദം പിരിഞ്ഞതിന് സൈബർ ആക്രമണം; തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു


തിരുവനന്തപുരം: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ തിരുമല കുന്നപ്പുഴ സ്വദേശി ആദിത്യ എസ്.നായര്‍ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആദിത്യയെ
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.

കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും അടുത്തിടെ വേര്‍പിരിഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമുണ്ടായി.

ആദിത്യയുടെ മരണത്തില്‍ പൂജപ്പുര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സൈബർ ആ​ക്രമണത്തിൽ മനംനൊന്താണ് ആദിത്യ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്.