മഴയത്ത് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ?; കക്കയം ഇക്കോ ടൂറിസം തുറന്നു, ടൂറിസ്റ്റുകള്‍ക്ക് സ്പീഡ് ബോട്ട് യാത്രയും നടത്താം


കക്കയം: കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറന്നു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ടൂറിസം കേന്ദ്രം അടച്ചിടാന്‍ ഡി.എഫ്.ഒ. ഉത്തരവിട്ടത്. ജൂണ്‍1 മുതലായിരുന്നു മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടിരുന്നത്.

ഇന്ന് മുതല്‍ ഉരക്കുഴി വെള്ളച്ചാട്ടം കാണുന്നതിനും സൗകര്യമൊരുക്കും. കക്കയം ഹൈദല്‍ ടൂറിസം സെന്ററില്‍ ടൂറിസ്റ്റുകള്‍ക്ക് സ്പീഡ് ബോട്ട് യാത്രയും നടത്താം. ഇതിന് മുന്‍പ് കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് നൂറ് ദിവസത്തിലധികം കക്കയം ഡാം അടച്ചിട്ടിരുന്നു. വീണ്ടും തുറന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷം പിന്നെയും അടച്ചിടുകയായിരുന്നു. വനമേഖലയോടു ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.