കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; മരിച്ചവരിൽ കണ്ണൂർ, തിരൂർ സ്വദേശികളും


കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസർഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും കണ്ണൂരില്‍ നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ചത്. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ  ധനസഹായം പ്രഖ്യാപിച്ചു.   

കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, തിരൂർ കൂട്ടായി സ്വദേശി പുരക്കൽ നൂഹ് (40), തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി​ സ്റ്റീഫിൻ എബ്രഹാം സാബു ( 29), പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ, ⁠കൊല്ലം സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ (54), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)​, പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി​ ചെന്നിശ്ശേരിയിൽ സജു വർഗീസ് (56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് എന്നിവരാണ് മരിച്ചത്.   

പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു തീപിടുത്തം നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ 49 പേരാണ് മരിച്ചത്. ഇവരിൽ 21 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം.