‘പാലക്കാട് ജനതയോട് നന്ദി’; ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു, പകരക്കാരനാര് ?


തിരുവനന്തപുരം: വടകരയുടെ നിയുക്ത എംപി ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജി വെച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു, നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിയമസഭ മിസ് ചെയ്യും. ഉമ്മൻ ചാണ്ടി സർക്കാരിൽ എംഎൽഎ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎൽഎ ആയതിലും ചാരിതാർത്ഥ്യമുണ്ടെന്നും ഷാഫി പറഞ്ഞു.

ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്‌. എൽഡിഎഫിന് സ്വാധീനമുള്ള നിയോജക മണ്ഡലങ്ങളിൽ തലശ്ശേരിയൊഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഷാഫി പറമ്പിലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. ആർഎംപിക്ക് ഉൾപ്പെടെ സ്വാധീനമുള്ള വടകര മണ്ഡലം ഇത്തവണയും യുഡിഎഫിന് ഒപ്പമായിരുന്നു.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്‌. അതുകൊണ്ടുതന്നെ പാലക്കാട് തങ്ങളുടെ കൈയില്‍ ഭദ്രമാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ഷാഫി പറമ്പില്‍ വടകരയിലേക്ക് മത്സരിക്കാന്‍ എത്തിയപ്പോള്‍ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വിടി ബലറാം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.