മത്തി ഒരു ചെറിയ മീനല്ല; കിലോയ്ക്ക് വില മൂന്നൂറ് കടന്നു, ട്രോളിംങ് നിരോധനത്തോടെ സംസ്ഥാനത്ത് കുതിച്ച് മത്സ്യവില


കൊല്ലം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് മത്സ്യവില. ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപവരെയത്തി കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബറില്‍. സംസ്ഥാനത്ത് ട്രോളിംങ് ആരംഭിച്ചതും മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

മത്സ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുക. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെ ആവശ്യം. ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.