സി.ഐ.ടി.യു നേതൃത്വത്തില്‍ പ്രക്ഷോഭവുമായെത്തി ഹരിത കര്‍മ്മ സേന; പേരാമ്പ്രയിലെ പൂട്ടിക്കിടന്ന എം.സി.എഫ് പ്രവര്‍ത്തനം പുനരാരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ എം.സി.എഫ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിതകര്‍മ സേന അംഗങ്ങളുടെ പ്രക്ഷോഭം. സി.ഐ.ടി.യു നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എം.സി.എഫിലെത്തി മാലിന്യങ്ങള്‍ ഇറക്കുകയും എം.സി.എഫിന്റെ പ്രവര്‍ത്തനം പുനരാംരഭിക്കുകയും ചെയ്തു.

2023 ജൂണ്‍ മൂന്നിന് പേരാമ്പ്രയിലെ എം.സി.എഫില്‍ തീപിടിച്ചതിനുശേഷം എം.സി.എഫ് പ്രവര്‍ത്തനം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതുകാരണം വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുവാനോ, മിനി എം.സി.എഫ് പോലുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനോ കഴിയാതെ പേരാമ്പ്രയിലെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായിരുന്നു.

രണ്ട് മാസത്തോളമായി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയിലാണെന്നും ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി രംഗത്തുവന്നതെന്നും സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രതിഷേധമാര്‍ച്ചായി ഹരിതകര്‍മ്മസേനാംഗങ്ങള്‍ എം.സി.എഫിലെത്തുകയും എം.സി.എഫ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ എം.സി.എഫ് നിര്‍മിക്കുന്നതുവരെ നിലവിലുള്ള എം.സി.എഫ് ഉപയോഗിക്കുവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുകയാണെന്നും ആരെങ്കിലും എതിര്‍ക്കാന്‍ എത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.