കാപ്പാട് ബീച്ച് വിനോദസഞ്ചാരം ഇനി കൂടുതല്‍ സൗകര്യത്തോടെ; ബ്ലൂ ഫ്‌ളാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90ലക്ഷം രൂപയുടെ ഭരണാനുമതി


കാപ്പാട്: കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90ലക്ഷം രൂപയുടെ ഭരണാനുമതി വിനോദസഞ്ചാര വകുപ്പില്‍ നിന്ന് ലഭിച്ചതായി ഡി.ടി.പി.സി ചെയര്‍മാന്‍ അറിയിച്ചു. ഇതിന് പുറമേ കോഴിക്കോട് ഭട്ട് റോഡ് ബീച്ച്
ബ്ലിസ് പാര്‍ക്കിലെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 96.50 ലക്ഷം രൂപയുടെയും അനുമതിയായിട്ടുണ്ട്.

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഭരണാനുമതി ആയത്. കഴിഞ്ഞ മഴക്കാലത്ത് ബ്ലിസ് പാര്‍ക്കിലെ സംരക്ഷണഭിത്തികളുടെ ഒരുഭാഗം തകരുകയും കാപ്പാട് ബീച്ചിന്റെ സംരക്ഷണഭിത്തികളുടെ ഒരുഭാഗം തകരുകയും സോളാര്‍ ഷെഡിനോട് ചേര്‍ന്ന ഭാഗം കടലെടുത്തതിനാല്‍ കടല്‍ഭിത്തിക്ക് നാശം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയത്. പദ്ധതികളുടെ പ്രവൃത്തി ചുമതല ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനാണ്.