ആധുനിക സൗകര്യങ്ങളുമായി കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂള്‍; എം.നാണു മാസ്റ്റര്‍ സ്മാരക കെട്ടിടം മാര്‍ച്ച് 27 ന് നാടിന് സമര്‍പ്പിക്കും


കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ നിര്‍മിച്ച എം.നാണു മാസ്റ്റര്‍ സ്മാരക കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. മാര്‍ച്ച് 27 ന് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച്  എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കലും മൂന്നു ദശാബ്ദക്കാലത്തിലേറെയായി അധ്യാപന രംഗത്തുള്ള പി.ജയശ്രീ ടീച്ചര്‍ക്കുളള യാത്രയയപ്പും നടത്തും.

130 കൊല്ലം മുമ്പ് കണ്ണന്‍ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അക്കദമിക്, അക്കാദമിക ഇതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ മുന്‍പന്തിയിലുണ്ട്. സബ്ജില്ലയില്‍ തന്നെ ആദ്യമായി ഡിജറ്റല്‍ ക്ലാസ് മുറി ആരംഭിച്ചത് കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളിലാണ്. തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണനാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് ക്ലാസ് മുറികളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവില്‍ സ്‌കൂള്‍ മാനേജരാണ് ഇത് നിര്‍മിച്ചത്.

കൊയിലാണ്ടി നഗരസഭ ചെയര്‍ പേഴ്‌സണ്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍, ജനപ്രതിനിധികള്‍, കൊയിലാണ്ടി എ.ഇ.ഒ, പന്തലായനി ബി.പി.സി, സ്‌കൂള്‍ മാനേജര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുക്കും.