‘യുഡിഎഫ് ആരോപണങ്ങൾ വസ്തുതാ വിരുദ്ധം’; കീഴ്പ്പയൂർ പുറക്കാമലയിൽ കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകിയത് ഹൈക്കോടതി ഉത്തരവ് പ്രകാരമെന്ന് പഞ്ചായത്ത്


മേപ്പയൂർ: കീഴ്പ്പയൂർ പുറക്കാമല കരിങ്കൽ ഖനനത്തിന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട യു.ഡി.എഫ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളെ തിരിച്ചറിയണമെന്ന് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ. വിവിധഘട്ടങ്ങളിൽ ഭരണ സമിതി ക്വാറി ഉടമകളുടെ അപേക്ഷ നിരസ്സിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുക മാത്രമാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തതെന്ന് പ്രസിഡന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. 

ലൈസൻസ് നൽകണമെന്ന സിംഗിൾ ബെഞ്ച് പുറപ്പെടിച്ച വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ 2024 മെയ് 2 ന് പഞ്ചായത്ത് അപ്പീൽ നൽക്കുന്നതിന് ഭരണ സമിതി ഏകകണ്ഠേനെ തീരുമാനിച്ചു. അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിൻ്റെ വിധി ശരിവെക്കുകയും സമാനമായ വിധി ഇതിനു മുമ്പ് ഫുൾ ബെഞ്ച് കൊടുത്തിട്ടുണ്ടെന്നും ആയതിനാൽ നിശ്ചിത സമയത്തിനകം ലൈസൻസ് അനുവദികേണ്ടതാണെന്ന് വിധിക്കുകയും ചെയ്തു. ഭരണഘടന സ്ഥാപനമെന്നനിലയിൽ കോടതി വിധി അംഗീകരിക്കുക മാത്രമെ ഭരണസമിതിക്ക് കഴിയുമായിരുന്നുള്ളൂ. എന്നാൽ ഈ തീരുമാനത്തെ ദുർവ്യാഖ്യാനം ചെയ്ത് പഞ്ചായത്തിനെതിരെ കുപ്രചരണങ്ങൾ അഴിച്ചു വിടാനാണ് യുഡിഎഫ് ശ്രമിച്ചത്. 

പുറക്കാമലയുടെ പാരിസ്ഥിതിക അവസ്ഥ നിലനിർത്തുന്നതിനും സംന്തുലിതാവസ്ഥക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നതിനും ഒറ്റ മനസ്സോടെ നിൽക്കുന്ന ജനതയോടും, പുറക്കാമല സംരക്ഷണ സമിതി യോടും എക്കാലത്തും പഞ്ചായത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പ്രതിപാദിക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരമില്ലെന്നും എൻവിയോൺമെൻ്റ് ഇംപാക്റ്റ് അസസ്സ്മെൻ്റ് അതോറിറ്റി കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അതാണ് സ്വീകാര്യമെന്നുമാണ് ഹൈക്കോടതി ചൂണ്ടികാണിച്ചത്. 

ഹൈകോടതിവിധി അംഗീകരിക്കാതെ ഭരണസമിതിക്ക് നിലപാട് സ്വീകരിക്കുവാൻ കഴിയുമായിരുന്നില്ല. മൂന്ന് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ഖേദകരമാണ്. ജനകീയ ഐക്യത്തെ തകർത്ത് സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ ഭരണസമിതിക്കെതിരെ യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.