കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; കൈവിരല്‍ ശസ്ത്രക്രിയയ്ക്കായി എത്തിയ നാല് വയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവ്. കൈവിരലില്‍ ശസ്ത്രക്രിയയ്ക്കായി എത്തിയ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തി. ചെറുണ്ണൂര്‍ സ്വദേശിനിയായ സ്വദേശിനിയായ നാല് വയസ്സുകാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
കുട്ടിയുടെ കൈവിരലിന് ശസ്ത്രക്രിയ നടത്താനായിരുന്നു ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നത്. എന്നാല്‍ ഡോക്ടര്‍ ആദ്യം നാവിന് സര്‍ജറി നടത്തിയെന്നും കുടുംബം പറയുന്നു. കുട്ടിയ്ക്ക് വൈവിരലില്‍ ആറ് വിരലുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു വിരല്‍ നീക്കം ചെയ്യുവാനായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇവര്‍ എത്തിയത്.
കുട്ടിയ്ക്ക് നാവിന് അസുഖമുണ്ടായിരുന്നെന്നും ഇത് പരിഹരിക്കുന്നതിനുമാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആദ്യം ഡോക്ടര്‍ ന്യായീകരണം പറഞ്ഞത്. എന്നാല്‍ പിന്നീട് തെറ്റ് പറ്റിയതായി ഡോക്ടര്‍ സമ്മതിച്ചതായി ബന്ധുക്കള്‍ പറയുന്നു. പിഴവ് സംഭവിച്ചതില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞെന്നും പിന്നീട് കൈവിരലിന് ആവശ്യമായ ശസ്ത്രക്രിയ നടത്തിയെന്നുമെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയ്ക്ക് നാവിന് സംബന്ധിച്ച് യാതൊരു അസുഖവും ഇല്ലെന്നും ചികിത്സ തേടിയിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.