ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെയുണ്ടായത് ബോംബാക്രമണമല്ല; പൊട്ടിയത് പടക്കമെന്ന് പോലീസ്


കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെയുണ്ടായത് ബോംബാക്രമണമല്ലെന്ന് പോലീസ്. വീടിന് മുന്നിൽ നിന്ന് പൊട്ടിയത് പടക്കമാണെന്നും പോലീസ് പറഞ്ഞു.

രാത്രി 8.15ഓടെയാണ് ഹരിഹരന്റെ തേഞ്ഞിപ്പാലത്തുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടാകുന്നത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ചുറ്റുമതിലിൽ തട്ടിയതിനാൽ അപകടം ഒഴിവായി.

ഹരിഹരൻ പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വീടിന് മുമ്പിൽ പൊട്ടിയത് ബോംബല്ലെന്ന് വ്യക്തമായി. ഇത് പടക്കമാണെന്നും സമീപത്തെ വീട്ടിൽ പടക്കം പൊട്ടിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. ‘സി.പി.എം. വര്‍ഗീയതയ്ക്കെതിരേ നാടൊരുമിക്കണം’ എന്ന സന്ദേശവുമായി യു.ഡി.എഫും ആര്‍.എം.പി.ഐയും കഴിഞ്ഞദിവസം വടകരയില്‍ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.