കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി; കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി


കോഴിക്കോട്: കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി. കെ.പി.സി.സി അംഗം കെ.വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. പാര്‍ട്ടിയേയും മുന്നണിയേയും പ്രതിരോധത്തിലാക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ.പി.സി.സി. അധ്യക്ഷന്റെ നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

കോഴിക്കോട് ചേവായൂര്‍ ബ്ലോക്കില്‍നിന്നുള്ള അംഗമായ സുബ്രഹ്മണ്യന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാര്‍ട്ടി പദവികളില്‍നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനെതിരെ എം.കെ. രാഘവന്‍ കെ.പി.സി.സി. യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യംകൂടി കണക്കിലെടുത്താണ് അടിയന്തിര നടപടി.

യു.ഡി.എഫ് ഭരിക്കുന്ന ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് ബാങ്കിന്റെ ഭരണ സമിതിയുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് കെ.വി. സുബ്രഹ്‌മണ്യന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. അന്ന് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി കെ.വി. സുബ്രഹ്‌മണ്യന്‍ പറഞ്ഞിരുന്നു. കെ.പി.സി.സിയുടെ നേതൃയോഗത്തിലും എം.കെ. രാഘവന്‍ പരാതി ആവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കുന്നതിന് വേണ്ടി കെ.വി. സുബ്രഹ്‌മണ്യന്‍ ശ്രമിച്ചെന്നും അദ്ദേഹം കെ.പി.സി.സിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കെ.വി. സുബ്രഹ്‌മണ്യനെ പുറത്താക്കാന്‍ കെ.പി.സി.സി തീരുമാനിച്ചത്.

അതേസമയം, നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുബ്രഹ്മണ്യന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചിട്ടില്ല എന്നും സുബ്രഹ്മണ്യന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുംതന്നെ ആരും എന്നോട് സംസാരിച്ചിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. കെ.പി.സി.സി. പ്രസിഡന്റ് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇപ്പോള്‍ സംസാരിക്കുന്നത്.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായ അഡ്വ. കെ. ജയന്തിന്റെ പ്രേരണയാലാണ് കെ. സുധാകരന്‍ എനിക്കെതിരായ നടപടിയെടുത്തത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തിരിച്ചുവരാത്ത രീതിയില്‍ ഇത് നശിപ്പിക്കും. അതേസമയം, നിസ്വാര്‍ത്ഥമായി രാജ്യത്തെ ജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ മരണം താന്‍ കോഴിക്കോട് നഗരത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.