നാട് ഒന്നാകെ ചൂടില്‍ വലയുമ്പോള്‍ കുളിര്‍മ്മയേകാന്‍ കുളമൊരുക്കി ഒരു കുടുംബം; വൈറലായി പെരുവട്ടൂര്‍ മാണിക്കോത്ത് കണ്ടിയിലെ കുളം, അവധിയാഘോഷം കുളത്തിലാക്കി കുട്ടികളും
കൊയിലാണ്ടി: അത്യുഷ്ണ ചൂടില്‍ നാടാകെ വലയുമ്പോള്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ്മയേകുന്ന കാഴ്ചയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ മാണിക്കോത്ത് കണ്ടിയില്‍ നിന്നും കാണാന്‍ കഴിയുന്നത്. ചൂട് ശമിപ്പിക്കാനും ഒരു തണുത്ത കുളി പാസ്സാക്കാനുമായി ആളുകള്‍ കാട് കേറിപ്പോകുമ്പോള്‍ ഇവിടെ നമ്മുടെ പെരുവട്ടൂരിലുണ്ട് ഒരു കുളം.
പെരുവട്ടൂര്‍ മാണിക്കോത്ത് കണ്ടി പറമ്പിലെ കുളമാണ് ഇപ്പോള്‍ വൈറല്‍. 100 ഓളം വര്‍ഷങ്ങളായിട്ടുളള ഒരുതറവാട് കുളത്തിനെ പൊടിതട്ടിയെടുത്ത് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് മാണിക്കോത്ത് കണ്ടി ഗോകുലാനന്ദും ശ്രീലാലും. പണ്ട് ഈ പ്രദേശത്തെ ഒട്ടുമിക്ക ആളുകളും കുളിക്കാനും അലക്കുവാനും മറ്റും ആശ്രയിച്ചിരുന്നത് ഈ കുളത്തിനെയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കുളവും പടവുകളും മറ്റും നശിച്ചതോടെയും കാലം മാറിയതിനാല്‍ ഗ്രാമീണ ശൈലി പിന്തുടരാത്തതിനാലും കുളത്തിനെ ആരും തിരിഞ്ഞുനോക്കാതെയായി.
എന്നാല്‍ ശ്രീലാലിന്റെ സഹോദരി കുളത്തിന് സമീപത്ത് വീട് നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയാണ് സഹോദരി ഭര്‍ത്താവ് ഗോകുലാന്ദ് കുളം പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഒന്നരവര്‍ഷത്തോളം എടുത്താണ് കുളത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. വീട് പണിയോടൊപ്പം തന്നെ ഘട്ടം ഘട്ടമായിട്ടാണ് കുളത്തിന്റെ പണി പൂര്‍ത്തിയാക്കിയതെന്ന് ശ്രീലാല്‍ കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്ന ആളായതിനാല്‍ ഏറെ താല്‍പ്പര്യം കാണിച്ചതും അളിയനാണെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം മോട്ടോര്‍ ഉപയോഗിച്ച് കുളത്തിലെ വെളളമെല്ലാം വറ്റിച്ച് അടിഞ്ഞുകൂടിയിരുന്ന ചളിയും എല്ലാം മാറ്റിയ ശേഷമാണ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ആവശ്യത്തിന് പണിക്കാരെ കിട്ടാത്തതും പണം തികയാത്തതുമായി ഒട്ടേറെ ബുദ്ധിമുട്ട് നേരിട്ടെങ്കിലും കുടുംബക്കാര്‍ ഒന്നിച്ച് കുള നവീകരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. അത്ര പണക്കാരൊന്നുമല്ലെങ്കിലും കുളം പണി പൂര്‍ത്തിയാക്കണമെന്ന് അതിയായ ആഗ്രഹമാണ് ഇവിടം വരെ എത്തിച്ചതെന്ന് ശ്രീലാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അടിമുതല്‍ കല്ലുകൊണ്ട് കെട്ടി പൊന്തിച്ച കുളത്തിന് ഒരാള്‍ പൊക്കത്തിന് ആഴമാണുളളത്. തെളിഞ്ഞതും ഒരുകാലത്തും വെളളം വറ്റാത്തതുമാണ് ഈ കുളത്തിന്റെ പ്രത്യേകത. തണുത്ത വെളളവും ചോലയുളള പ്രദേശവുമായതിനാല്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകളാണ് കുളത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ ഇവിടെ നീന്തല്‍ പരിശീലനവും കുട്ടികള്‍ക്കായി നടത്തുന്നുണ്ട്. ഗോകുലാന്ദനും ശ്രീലാലും തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങുന്നതും. രാവിലെ ഏഴ് മണിയ്ക്കും വൈകീട്ടും ആണ് പരിശീലനം നല്‍കുന്നത്. രാവിലെതന്നെ കുട്ടികളുടെ ഒരു നിര തന്നെയാണ് കുളത്തിലുണ്ടാകലെന്ന് ശ്രീലാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കുട്ടികളെക്കൂടാതെ അവധി ദിവസങ്ങളിലും രാത്രിയും മുതിര്‍ന്നവരും ചൂടിനെ തണുപ്പിക്കാനായി ഈ കുളത്തിലെത്താറുണ്ട്. പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കുകയാണ് എല്ലാവരും. ഈ കൊടും ചൂടില്‍ തങ്ങള്‍ കാരണം നാട്ടുകാര്‍ക്ക് ഒരുനേരമെങ്കിലും ആശ്വാസം ലഭിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ശ്രീലാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.