ബാലുശ്ശേരി എകരൂരില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; ആശുപത്രിയില്‍ പറഞ്ഞത് ഉയരത്തില്‍ നിന്നും വീണതെന്ന്, മര്‍ദ്ദിച്ചത് വീടിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി
കോഴിക്കോട്: ബാലുശ്ശേരി എകരൂരില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. കരാട്ടെ പരിശീലകനായ ദേവദാസാണ്(61) മരിച്ചത്. സംഭവത്തില്‍ മകന്‍ അക്ഷയിയെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പരിക്കേറ്റ നിലയിലാണ് ദേവദാസിനെ അക്ഷയ് ബാലുശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തി.
ചികിത്സയിലിരിക്കെ ചെവ്വാഴ്ചയാണ് ദേവദാസ് മരണപ്പെട്ടത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പിന്നാലെ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. ശരീരത്തിലെ പരിക്കുകളും തലയോട്ടിയിലെയും വാരിയെല്ലിലെയും എല്ലുകള്‍ പൊട്ടിയതിലും പോലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് മകന്‍ അക്ഷയ്‌ദേവ് എന്ന ഉണ്ണിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വീട്ടില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും ബൈക്കില്‍ നിന്ന് വീണതാണെന്ന് കളവു പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ദേവദാസും അക്ഷയിയും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ദേവദാസിനെ വീടിനുള്ളില്‍ കെട്ടിയിട്ടാണ് അക്ഷയ് മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും ലഹരി ഉപയോഗിത്തെ തുടര്‍ന്ന് വീട്ടില്‍ മുന്‍പും പ്രശ്നങ്ങളുണ്ടായിരുന്നു. ദേവദാസിന്റെ അമ്മ ഇതെ തുടര്‍ന്ന് മകളുടെ കൂടെയായിരുന്നു താമസം.
മുമ്പും ഇത്തരത്തില്‍ ദേവദാസിനെ മകന്‍ മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അക്ഷയ് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം തന്നെ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. ബാലുശേരി ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പത്ത്, എസ്.ഐമാരായ നിബിന്‍ ജോയ്, അബ്ദുള്‍ റഷീദ്, എ എസ് ഐ രാജേഷ് ടി.പി, പേരാമ്പ്ര ഡി.വൈ.എസ്.പി സ്‌ക്വാഡ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.