മാസ്‌കില്ലെങ്കില്‍ കേസില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍


കോഴിക്കോട്: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പോയാല്‍ ഇനി മുതല്‍ കേസെടുക്കില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കോവിഡ് കേസുകള്‍ കൂടുന്ന മുറക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 2020 മാര്‍ച്ച് 24നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ നിയമപ്രകാരം പൗരന്മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നത്.

എന്നാല്‍ നിയമസഭ പാസാക്കിയ പ്രത്യേക നിയമം നിലവില്‍ ഉള്ളതിനാല്‍ കേരളത്തില്‍ ഈ ഉത്തരവ് ബാധകമാകണമെങ്കില്‍ നയപരമായ തീരുമാനമെടുക്കണം.