വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; വടകരയിലെ മുന്‍ ആര്‍ടിഒക്ക് തടവും 37.5ലക്ഷം രൂപ പിഴയും, ഇരുനില വീടും സ്ഥലവും കണ്ടുകെട്ടി


വടകര: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് വടകരയിലെ മുന്‍ ആര്‍ടിഒക്ക് തടവും പിഴയും വിധിച്ച്‌ കോടതി. മുന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ.ഹരീന്ദ്രനാണ് ഒരു വര്‍ഷം തടവും 37.5 ലക്ഷം രൂപ പിഴയും വിജിലന്‍സ് കോടതി വിധിച്ചത്.

മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച വടകരയിലെ മുന്‍ ആര്‍ടിഒയായ ഹരീന്ദ്രന്‍ 1989 ജനുവരി മുതല്‍ 2005 ആഗസ്ത് വരെയുള്ള കാലയളവില്‍ അനധികൃതമായി 38 ലക്ഷത്തിലധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കോടതി കണ്ടെത്തി.

ഹരീന്ദ്രന്‍ കുടുംബാംഗങ്ങളുടെ പേരില്‍ ബിനാമിയായി സമ്പാദിച്ച എട്ട് ഏക്കര്‍ 87 സെന്റും ഇരുനില വീടും സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ മുന്‍ പോലീസ് സൂപ്രണ്ട് കെ.സുബൈര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിമാരായിരുന്നു ഐ മുഹമ്മദ് അസ്ലം, കെ.മധുസൂധനന്‍, ടി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിയകെ ശൈലജന്‍ ഹാജരായി.