കൊയിലാണ്ടിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി മാങ്കാവില്‍, വാഹനം നഷ്ടപ്പെട്ടത് ഉടമയറിഞ്ഞത് പിഴയടക്കാന്‍ മെസേജ് വന്നതോടെ; മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ട് പ്രതികളെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി കടന്നുകളഞ്ഞ യുവാക്കളെ പൊലീസ് തിരയുന്നു. മെയ് അഞ്ചാം തിയ്യതി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കെ.എല്‍ 77 എ 3759 ഹീറോ എക്‌സ്പള്‍സ് ബൈക്കാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടകാര്യം ഉടമ അറിയുന്നത്.

ബൈക്കുടമ അരുണ്‍ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്ത് എറണാകുളത്തേക്ക് പോയതായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മാങ്കാവ് ട്രാഫിക് നിയമലംഘത്തിന്റെ പേരില്‍ ബൈക്കിന് പിഴ ഈടാക്കിയതായി മെസേജ് വന്നതോടെയാണ് അരുണ്‍ വണ്ടിയെക്കുറിച്ച് അന്വേഷിച്ചത്. സുഹൃത്തുക്കള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി നോക്കിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ മാങ്കാവ് വഴി ഹെല്‍മറ്റ് ധരിക്കാതെ കടന്നുപോയപ്പോള്‍ പരിശോധനയ്ക്കായി കൈകാണിച്ചിട്ടും നിര്‍ത്താതായതോടെയാണ് പിഴയൊടുക്കിയതെന്ന് കണ്ടെത്തി. സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതികളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരാള്‍ മാസ്‌ക് ധരിച്ച നിലയിലാണ്.

ഈ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8089953495 എന്ന നമ്പറിലോ ബന്ധപ്പെടുക.