അശ്ശീല വീഡിയോ വിവാദം: പ്രവര്‍ത്തകരോട് പിന്മാറണമെന്ന് ഷാഫി ഇലക്ഷന് മുമ്പ് പറയാതിരുന്നത് എന്തുകൊണ്ട്? ശൈലജ ടീച്ചര്‍ 25000ത്തില്പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും വത്സന് പനോളി
വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ 25000ത്തില്പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സന് പനോളി. തുടക്കം മുതല്‍ ഒടുക്കം വരെ പ്രചാരണരംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും ടീച്ചര്‍ക്ക് മേധാവിത്വം ഉണ്ടായിരുന്നു. പോളിങ്ങിലും അതുതെന്നയാണ് കണ്ടതെന്നും വത്സന് പനോളി വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.
വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ തുടക്കം മുതലേ വലിയ തോതില്‍ സ്വീകാര്യത നേടിയ സ്ഥാനാര്‍ത്ഥിയാണ് കെ.കെ ശൈലജ ടീച്ചര്‍. അതിനെ മറികടക്കാന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വന്നതിന് ശേഷം നടത്തിയ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്തത്. സോഷ്യല്‍മീഡിയ ഉപയോഗിച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ പോയപ്പോള്‍ അതില്‍ ജനങ്ങള്‍ അനിഷ്ടം പ്രകടിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അവര്‍ നടത്തിയ എല്ലാം പ്രചാരവേലകളും ജനങ്ങള്‍ നിരാകരിക്കുന്നതായിട്ടാണ് എല്‍ഡിഎഫിന് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
വടകരയിലെ പോളിങ് മന്ദഗതിയിലായതില്‍ എല്‍ഡിഎഫിനും അധിക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലുള്ള ഒരു വോട്ടര്‍ക്ക് വോട്ട് ചെയ്യാനുള്ള സമയം എത്ര വേണ്ടിവരും എന്നു കണക്കാക്കി ഓരോ പോളിങ്ങ് ബൂത്തിലെയും മൊത്തം വോട്ടിനെ കണക്കാക്കി ആവശ്യമായ തയ്യാറെടുപ്പുകള്‍ ഇലക്ഷന് കമ്മീഷന് ഒരുക്കണമായിരുന്നു. അക്കാര്യത്തില്‍ ഇലക്ഷന് കമ്മീഷന് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. മാത്രമല്ല ഓപ്പണ്‍ വോട്ട് ചെയ്യുന്നത് ഒരു മണിക്കൂര്‍ മരവിപ്പിച്ചതും പോളിങ്ങിനെ ബാധിച്ചിട്ടുണ്ട്. ഇങ്ങനെ ഇലക്ഷന് ഉദ്യോഗസ്ഥര്‍മാരുടെ വേണ്ടത്ര ജാഗ്രതയില്ലായ്മയും കരുതലില്ലായ്മയും പോളിങ്ങ് നീണ്ടുപോകാന്‍ ഇടയാക്കിയിട്ടുണ്ട്. അത് അവരുടെ ഭാഗത്തുള്ള നോട്ടപ്പിശക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷന് കഴിഞ്ഞ പിറ്റേ ദിവസം അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ പത്രസമ്മേളനം നടത്തിയ ഷാഫി പറമ്പിലിനെയും വത്സന് പനോളി കുറ്റപ്പെടുത്തി. ഇലക്ഷന് കാലത്ത് വളരെ ആസൂത്രിതമായി ചെയ്ത കാര്യമായതുകൊണ്ട് അന്ന് അതില്‍ പ്രതികരിക്കാനോ ഞങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും ആണെങ്കില്‍ ഇത്തരം പ്രവൃത്തിയില്‍ നിന്നും പിന്മാറണമെന്നോ, ഞാന്‍ അത് അംഗീകരിക്കുന്നില്ല എന്ന് ഷാഫി പരസ്യമായി പറഞ്ഞിരുന്നുവെങ്കില്‍ ആ ആക്ഷേപത്തിന് അടിസ്ഥാനമുണ്ടാവില്ലായിരുന്നു. പക്ഷേ അദ്ദേഹം അതുവരെ അത് പറയാതിരുന്നത് അദ്ദേഹം അതിന്റെ ഗുണഭോക്താവ് എന്ന നിലയില്‍, ആ ഗുണഭോക്താവിന് വേണ്ടിയാണ് ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് എന്നു സനമ്മതിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.