വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രതൈ: കോഴിക്കോടും ഉഷ്ണതരംഗ മുന്നറിയിപ്പ്


തിരുവനന്തപുരം: തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ മെയ് രണ്ടുവരെയാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ്. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

2024 ഏപ്രില്‍ 30 മുതല്‍ മെയ് 04 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.