ചെറുപുഴയുടെ ജനകീയ വീണ്ടെടുക്കല്ലിനായി കൈകോര്‍ത്ത് ജനം; അയ്യായിരം പേര്‍ ഒന്നിച്ചപ്പോള്‍ ചങ്ങരോത്തെ ചെറുപുഴയ്ക്ക് പുതു ജീവന്‍


ചങ്ങരോത്ത്: അയ്യായിരത്തിലധികം പേരെ പങ്കെടുപ്പിച്ചു കൊണ്ട് ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയുടെ ജനകീയ വീണ്ടെടുക്കല്‍. ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ചെറുപുഴ വൃത്തിയാക്കുന്നത്. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് ‘ഇനി ഞാന്‍ ഒഴുകട്ടെ തെളിനീരൊഴുകും നവകേരളം’ ജില്ലാതല പ്രചരണ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ലോഗോയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഭാഗ്യ ചിഹ്നത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു.
ലോക ജലദിനത്തില്‍ ബഹുജന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000-ത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പുഴ വൃത്തിയാക്കുന്നത്. പ്രദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാല്യന്യം നീക്കാന്‍ പുഴയിലിറങ്ങി. ചങ്ങരോത്ത് പര്യായി കോവുപ്പുറം മുതല്‍ കല്ലൂര്‍മൂഴി വരെയുള്ള ഏഴ് കിലോമീറ്ററിലെ മാലിന്യങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് നീക്കം ചെയ്യുന്നത്.

ബഹുജന കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ കെ.വി കുഞ്ഞിക്കണ്ണന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ വിനോദന്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ.വി ബിനു, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.പ്രകാശന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.