മണ്ഡലവും, ഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി ആർക്കൊപ്പം നിൽക്കും
വടകര: വടക്കൻ പാട്ടിൻറെയും തച്ചോളി കഥകളുടെയും പോരാട്ട വീര്യങ്ങളുടെയും ചരിത്രമാണ് വടകരയുടേത്. ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് കൂടി കച്ച മുറുകുമ്പോൾ വടകര മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് പെട്ടെന്ന് പ്രവചിക്കാൻ കഴിയില്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭ മണ്ഡലങ്ങളും ചേരുന്നതാണ് വടകര ലോക്‌സഭ മണ്ഡലം.
മുൻ കാലങ്ങളിൽ തുടർച്ചയായി എൽ.ഡി.എഫ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമാണ്. അതിന് വിഘാതം സൃഷ്ടിച്ച് യു.ഡി.എഫിന് വേണ്ടി സീറ്റ് പിടിച്ചെടുത്തത് ആദ്യം മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു. മുല്ലപ്പള്ളി രണ്ട് ടേം ഇവിടെ എം.പി ആയിരുന്നു. ഇപ്പോൾ കെ.മുരളീധനാണ് വടകരയിലെ എം.പി.
നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാരായ കെ കെ ശെെലജ ടീച്ചർ എൽഡിഎഫിനും ഷാഫി പമ്പിൽ യുഡിഎഫിനുമായി സ്ഥാനാർത്ഥികളായി എത്തിയതോടെ വടകരയിലെ മത്സരത്തിലും മാറ്റം വന്നു. ശക്തമായ പോരാട്ടമാണ് വടകരയിലേതെന്ന് ഉറപ്പായി.
തലശേരി (സിപിഎം), കൂത്തുപറമ്പ (എൽജെഡി), വടകര (ആർഎംപി), കുറ്റ്യാടി (സിപിഎം), നാദാപുരം (സിപിഎം), കൊയിലാണ്ടി (സിപിഎം), പേരാമ്പ്ര (സിപിഎം) എന്നിങ്ങനെ ഒറ്റനോട്ടത്തിൽ എൽഡിഎഫ് മേൽക്കോയ്‌മ വടകര ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളിൽ തോന്നുമെങ്കിലും കാര്യങ്ങൾ സങ്കീർണമാണ്. അതിനാൽ തന്നെ ഓരോ മണ്ഡലത്തിലെയും വോട്ടുകൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. അതിനാൽ കുറ്റ്യാടി ആർക്കൊപ്പമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
1965 ൽ ആണ് ഇപ്പോഴത്തെ കുറ്റ്യാടി മണ്ഡലമായ മേപ്പയ്യൂരിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ഏഴ് തവണ എൽഡിഎഫിന് ഒപ്പമായിരുന്നു മണ്ഡലം. രണ്ട് തവണ മുസ്ലിം ലിഗും രണ്ട് തവണ എഐഎംഎല്ലും വിജയിച്ചു. പിന്നീട് പഴയ മേപ്പയൂർ നിയോജക മണ്ഡലം പുനഃസംഘടിപ്പിച്ചാണ് 2011ൽ കുറ്റ്യാടി മണ്ഡലം രൂപവത്കരിച്ചത്. ആദ്യ ജയം എൽ.ഡി.എഫിനായിരുന്നു. പിന്നീട് മാറുകയും മറിയുകയും ചെയ്തു. എന്നാൽ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നിലനിർത്തിവരുകയാണ്. കഴിഞ്ഞ മൂന്നു ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ മുന്നിലെത്തിച്ച നിയമസഭ മണ്ഡലമാണ് കുറ്റ്യാടി. നിലവിൽ നേരിയ ഭൂരിപക്ഷത്തിനാണ് കുറ്റ്യാടി മണ്ഡലം എൽഡിഎഫ് പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് കുറ്റ്യാടിക്കുള്ളത്. അതിനാൽ കുറ്റ്യാടി മണ്ഡലം ആർക്കൊപ്പമാകുമെന്ന ആകാംഷയിലാണ് മുന്നണികളെല്ലാം.
ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ അഞ്ചിടത്ത് എൽഡിഎഫും മൂന്നിടത്ത് യു.ഡി.എഫുമാണ് ഭരണത്തിലുള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 1,57,810 വോട്ട് പോൾ ചെയ്തതിൽ യു.ഡി.എഫിലെ പാറക്കൽ അബ്ദുല്ല 71,809ഉം എൽ.ഡി.എഫിലെ കെ.കെ. ലതിക 70,652ഉം എൻ.ഡി.എ 12,327 വോട്ടുമാണ് നേടിയത്. അബ്ദുല്ലയുടെ ഭൂരിപക്ഷം 1,157 ആയിരുന്നു. എൽഡിഎഫിൽ നിന്ന് മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
തുടർന്ന് 2019ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കണ്ണൂർ കരുത്തൻ പി ജയരാജനെ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപിച്ച് കെ മുരളീധരൻ വടകരയിൽ നിന്ന് ലോക്‌സഭയിലെത്തി. കെ മുരളീധരന് 526,755 ഉം, പി ജയരാജന് 4,42,092 ഉം വോട്ടുകളാണ് കിട്ടിയത്. ബിജെപി സ്ഥാനാർഥിയായിരുന്ന വി കെ സജീവൻ നേടിയത് 80,128 വോട്ടുകൾ.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.പി. കുഞ്ഞമ്മദ്കുട്ടി 80,143 വോട്ടും യു.ഡി.എഫിലെ പാറക്കൽ അബ്ദുല്ല 79,810 വോട്ടും ബി.ജെ.പി 9,139 വോട്ടുമാണ് നേടിയത്. കുഞ്ഞമ്മദ്കുട്ടി 333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബി.ജെ.പി വോട്ടുകൾ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാൾ കൂടിയെങ്കിലും 2016 അസംബ്ലി തെരഞ്ഞെടുപ്പിനേക്കാൾ കുറയുകയായിരുന്നു.
ടി പി ചന്ദ്രശേഖരൻ രൂപീകരിച്ച ആർഎംപിഐക്കും കുറ്റ്യാടി മണ്ഡലത്തിൽ വെരോട്ടമുണ്ട്. അദ്ദേഹത്തിന്റെ കൊലപാതകത്തെ തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളും നേരത്തെ നടന്ന തെരഞ്ഞെടുപ്പികളിൽ യുഡിഎഫിനെ തുണച്ചിരുന്നു.
മുസ്ലീം ലീഗിന് കൂടുതൽ സ്വാധീനമുള്ള മണ്ഡലമാണ് കുറ്റ്യാടി. അതിനാൽതന്നെ ലീഗിന്റെ വോട്ടുകളും നിർണ്ണായകമാണ്. പഞ്ചായത്തുകളും നിയമസഭാ മണ്ഡലവും ഒപ്പമുണ്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത കുറ്റ്യാടി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. അതിനാൽ തന്നെ എൽഡിഎഫിന്റെ നിവിലെ വോട്ടുകൾ നഷ്ടപ്പെടുത്താതെ പരമാവധി വോട്ടുകൾ നേടാനാണ് എൽഡിഎഫിന്റെ ശ്രമം.