ഗതാഗത നിയമങ്ങള്‍ ഇനി കണ്ടറിയാം, സംശയങ്ങൾ ചോദിക്കാം; ബുക്കും പേപ്പറുമായി എം.വി.ഡി


തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ബുക്കും പേപ്പറും എന്ന പേരിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

വെള്ളിയാഴ്ചകളിലായിരിക്കും സംപ്രേഷണം. ഒട്ടേറെ തട്ടിപ്പുകാര്‍ ഈ മേഖലയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ്വേര്‍ ഉപഭോക്തൃസൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു.

ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കാം. ചോദ്യങ്ങള്‍ ചിത്രീകരിച്ചും കൈമാറാം. https://www.youtube.com/@mvdkerala7379.