സ്‌ഫോടനം നടന്നത് യു.ഡി.എഫ് ശക്തികേന്ദ്രത്തില്‍, സംഭവത്തിന് മുമ്പ് വാഹനങ്ങള്‍ തടസപ്പെടുത്തി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചു; തൂണേരി മുടവന്തേരിയില്‍ ജീപ്പില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ്
നാദാപുരം: തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എല്‍.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പില്‍ ഉഗ്ര സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു.
സ്‌ഫോടനത്തിന് മുമ്പ് എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്കില്‍ റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പില്‍ വന്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പലര്‍ക്കും പരിക്കു പറ്റിയതായി സൂചനയുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാദാപുരം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അപലപനീയമാണ്. ആത്മസംയനത്തോടെ മുഴുവന്‍ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ രംഗത്തുണ്ടാകണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പി.പി.ചാത്തു പ്രസ്താവനയില്‍ പറഞ്ഞു.
പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പില്‍ സൂക്ഷിച്ച പടക്കങ്ങളിലേക്ക് തീപ്പൊരി വീഴുകയും അപകടം സംഭവിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചിരുന്നു. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ മായ്ച്ചുകളഞ്ഞ നിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ പോലീസ് കണ്ടെത്തിയത്. KL 10J 2035 ആണ് വാഹനത്തിന്റെ നമ്പര്‍ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.