ഫെയ്സ്ബുക്ക് വഴി വായ്പാതട്ടിപ്പ്; താമരശ്ശേരി സ്വദേശിനിക്ക് 46,000 രൂപ നഷ്ടമായി
താമരശ്ശേരി: സാമൂഹിക മാധ്യമം വഴി ഓണ്‍ലൈന്‍ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് താമരശ്ശേരി പുതുപ്പാടി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. പുതുപ്പാടി സ്വദേശിനിയായ 34- കാരിക്കാണ് 46,000 രൂപ നഷ്ടമായത്. ഫെയ്സ്ബുക്ക് വഴിയുള്ള ഓണ്‍ലൈന്‍ വ്യക്തിഗത വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു.
ലോണ്‍ വാഗ്ദാനം വിശ്വസിച്ച് പ്രൊസസിങ് ഫീസ് ഇനത്തില്‍ ഉള്‍പ്പെടെയാണ് 46,000 രൂപ തട്ടിയെടുത്തത്. ജനുവരി നാല് മുതല്‍ ആറു വരെ പലതവണകളായിട്ടാണ് അക്കൗണ്ട് വഴി തുക ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായി പരാതിയില്‍ പറയുന്നത്. വായ്പ ലഭ്യമാവാതിരിക്കുകയും അടച്ച പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ യുവതി താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വഞ്ചനക്കുറ്റത്തിനും ഐ.ടി. ആക്ട് 66 ഡി പ്രകാരവും താമരശ്ശേരി പോലീസ് കേസെടുത്തു.