അത്താണി സ്വദേശിയായ പ്രമുഖ നാടക പ്രവര്‍ത്തകന്‍ മധു മാഷ് അന്തരിച്ചു


അത്താണി: പ്രമുഖ നാടക പ്രവർത്തകനും സിനിമ നടനുമായ മധു മാഷ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെയാണ് മരണം. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയാണ്

നാടകം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു മധു മാഷിന്. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്‌ അദ്ദേഹം. ഇന്ത്യ 1974, പടയണി, സ്‌പാര്‍ട്ടക്കസ്സ്, കറുത്ത വാര്‍ത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങളിലൂടെ തന്റെ പ്രതിഭ മുദ്ര പതിപ്പിച്ച വ്യക്തിയാണദ്ദേഹം. നാടകത്തോടൊപ്പം സിനിമയിലും അദ്ദേഹം ഒരു കൈ നോക്കിയിട്ടുണ്ട്. സംഘഗാനം, ഷട്ടര്‍ തുടങ്ങിയ മലയാളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട്‌ ട്രെയിനിങ്‌ കോളേജില്‍നിന്ന്‌ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. അക്കാലത്ത്‌ നക്‌സല്‍ പ്രസ്ഥാനവുമായി അടുത്തു, അങ്ങനെ പതിയെ അതിലെ പ്രവർത്തകനായി. വയനാട്ടിലെ കൈനാട്ടി എല്‍.പി സ്‌കൂളില്‍ അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. എന്നാൽ ഈ സമയം നക്‌സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ജയിലിലായി. പല കാലങ്ങളിലായി രണ്ട്‌ വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.

കേസിൽ നിന്ന് വിട്ടയച്ച ശേഷം ബേപ്പൂര്‍ ഗവ എല്‍.പി സ്‌കൂളില്‍ അധ്യാപകനായി. കൊയിലാണ്ടി ഗവ മാപ്പിള സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റിച്ചിറ ഗവ എല്‍പി, , കുറ്റിച്ചിറ ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. 2004ല്‍ കുറ്റ്യാടിക്കടുത്ത്‌ ചെറുകുന്ന്‌ ഗവ യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു.

കെ തങ്കമാണ് ഭാര്യ. മക്കൾ: എം.ടി. വിധു രാജ് (മലയാള മനോരമ, സീനിയര്‍ ഫോട്ടോഗ്രാഫര്‍) അഭിനയ രാജ് (എ.എന്‍.എസ് മീഡിയ, കൊച്ചി) മരുമക്കള്‍: സ്വര്‍ണ വിധു രാജ്, പി. സുദര്‍ഷിണ.