”നയിക്കാന്‍ ഇനിയില്ല”; ചെന്നൈ സൂപ്പര്‍ കിങ്‌സ് നായക സ്ഥാനം ഒഴിഞ്ഞ് എം.എസ് ധോണി


ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനം ഒഴിഞ്ഞ് എം.എസ്.ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുവതാരവും ടീമിന്റെ ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകന്‍.

ഇത് രണ്ടാംതവണയാണ് ധോണി ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ നായകസ്ഥാനം കൈമാറുന്നത്. 2022ല്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ സീസണിനിടയില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ഗെയ്ക്വാദ്. ഈ കാലയളവില്‍ 52 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ജൂലൈയില്‍ 43 വയസ് തികയുന്ന ധോണിയുടെ അവസാന ഐ.പി.എല്‍ ആയിരിക്കും ഇതെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുള്ള അപ്രതീക്ഷിത മാറ്റം.

2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈ കിരീടത്തിലേക്കെത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഏറ്റവും കൂടുതല്‍ തവണ ഐ.പി.എല്‍ കിരീടം നേടിയ ക്യാപ്റ്റന്‍മാരില്‍ രോഹിത് ശര്‍മക്ക് ഒപ്പമാണ് ധോണി.