വേനല്‍ ചൂടിന് ആശ്വാസമേകാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആശ്വാസമേകാന്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത.
12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയായി കണക്കാക്കുന്നത്. നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. മിതമായതോ നേരിയതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആദ്യവേനല്‍മഴ കൊളളാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അതേ സമയം സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്നും നാളെയും (മാര്‍ച്ച് 20, 21) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും.
സാധാരണയേക്കാള്‍ താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയും തൊപ്പിയും ഉപയോഗിക്കുന്നതു ചൂടിനെ പ്രതിരോധിക്കും.