ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം ചാറ്റിലൂടെ ടാസ്കുകള്; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി യുവതിയില്‍ നിന്നും 29 ലക്ഷം തട്ടിയ സംഘത്തിലെ യുവാവ് പിടിയില്‍
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട യുവാവ് പിടിയില്‍. മുക്കം മലാംകുന്ന് ജിഷ്ണുവിനെയാണ് (20) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 29 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് യുവാവ് അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവയില്‍ വരുന്ന ലിങ്കുകളിലുടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകള് പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നല്കി അതിലേക്ക് പണം അയപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ ആതിരയുടെ പരാതി പ്രകാരം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തട്ടിപ്പില്‍നിന്നു ലഭിക്കുന്ന പണം പലരുടെയും അക്കൗണ്ടിലായാണ് യുവാവ് ഇട്ടിരുന്നത്. സ്വന്തം അക്കൗണ്ടില്‍ കണക്കില്‍ കൂടുതല്‍ പണം വന്നാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാലാണ് പലരുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചിരുന്നത്.
ചേവായൂര്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട് ആ യുവാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തിരികെ ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ജിഷ്ണു പ്രതിഫലമായി 4,000 രൂപ നല്‍കിയതായി പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്.