സി.ടി.സ്‌കാനും ഡയാലിസിസ് സെന്ററുമടക്കം കോടികളുടെ വികസന പദ്ധതി ആശുപത്രിയില്‍ നടപ്പിലാക്കിയ ആരോഗ്യമന്ത്രി; കെ.കെ.ശൈലജ ടീച്ചര്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സ്വീകരണമൊരുക്കി ജീവനക്കാര്‍


കൊയിലാണ്ടി: പരിമിതികള്‍കൊണ്ട് വീര്‍പ്പുമുട്ടിയ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ വലിയ പങ്കുവഹിച്ച കെ.കെ.ശൈലജ ടീച്ചരെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ജീവനക്കാര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് വടകര പാര്‍ലമെന്ററി മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചത്. മുന്‍ ആരോഗ്യമന്ത്രിയ്ക്ക് കേരള ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

സൗകര്യപ്രദമായ കെട്ടിടം പോലും താലൂക്ക് ആശുപത്രിക്ക് ഉണ്ടായിരുന്നില്ല. ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഇന്ന് കാണുന്ന ആറുനിലയുള്ള താലൂക്ക് ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. 2018ലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.

ആശുപത്രിയെന്ന നിലയില്‍ ഇവിടെ വലിയ തോതിലുള്ള സൗകര്യങ്ങള്‍ കൊണ്ടുവരാനും അവര്‍ക്കു കഴിഞ്ഞു. നാലുകോടി ചെലവില്‍ ഒരുക്കി സി.ടി.സ്‌കാന്‍ സൗകര്യം, പത്തുമെഷീനുള്ള ഡയാലിസിസ് സെന്റര്‍ എന്നിവ ഇതില്‍പ്പെടുന്നു. ആര്‍ദ്രം പദ്ധതിയ്ക്കു കീഴില്‍ മൂന്നരക്കോടിയോളം ചെലവില്‍ ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള പ്രസവവാര്‍ഡ് ഒരുക്കുന്നതിന് തുടക്കമിട്ടതും ശൈലജ ടീച്ചറായിരുന്നു. കിഫ്ബി ഫണ്ടില്‍ നാല്‍പ്പതുകോടിയോളം ചെലവില്‍ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി വന്നതും ശൈലജ ടീച്ചറുടെ കാലത്താണ്. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ആശുപത്രി ജീവനക്കാര്‍ ഏറെ ഹൃദ്യമായാണ് പ്രിയ നേതാവിനെ സ്വീകരിച്ചത്. കാനത്തില്‍ ജമീല എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ വിശ്വന്‍ മാഷ്, കെ.ദാസന്‍, എല്‍.ഡി.എഫ് നേതാക്കന്മാരായ കെ.കെ.മുഹമ്മദ്, ടി.കെ.ചന്ദ്രന്‍, അശ്വിനി ദേവ്, പി.കെ.ബാബുരാജ്, കെ.സത്യന്‍, ചന്ദ്രശേഖരന്‍, കെ.അജിത്ത്, കെ.ടി.എം കോയ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആശുപത്രി വികസന സമിതി യൂണിയന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി.പി.എസ് തലപ്പാവണിയിച്ചു. നന്ദകുമാര്‍ ഒഞ്ചിയം ഹാരാര്‍പ്പണം നടത്തി. കെ.കെ.ശൈലേഷ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.